ഹബ്ളിന്റെ കാലാവധി പത്തുവർഷം; പിൻഗാമി ‘റോമൻ’ അണിയറയിൽ ഒരുങ്ങുന്നു
ഹബ്ൾ സ്പേസ് ടെലിസ്കോപ്പിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. എന്ന് കേൾക്കാത്തവരുണ്ടാവില്ല. കഴിഞ്ഞ 34 വർഷമായി ബഹിരാകാശത്ത് കറങ്ങിക്കൊണ്ട് പ്രപഞ്ച വിസ്മയങ്ങൾ പകർത്തുകയാണ് ഹബ്ൾ ദൂരദർശിനി. എന്നാൽ ഹബ്ളിന്റെ പ്രവർത്തന കാലാവധി ഇനി പരമാവധി പത്തു വർഷമേ ഉള്ളു. അപ്പോൾ ഹബ്ളിന് ശേഷം എന്ത് എന്ന ചോദ്യം ശാസ്ത്രലോകം നേരത്തെതന്നെ ഉന്നയിച്ചതാണ്. ഹബ്ളിന്റെ കാലാവധി കഴിയും മുമ്പുത്തന്നെ മറ്റൊരു ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കാൻ നാസ ഒരുങ്ങുകയാണ്. നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൂരദർശിനി രണ്ടുവർഷത്തിനുള്ളിൽ ആകാശത്തെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം നാസ വൃത്തങ്ങൾ അറിയിച്ചത്. ‘റോമൻ’ എന്നാണ് ഹബ്ളിന്റെ പിൻഗാമിയുടെ ചുരുക്കപ്പേര്.
ഹബ്ളിനേക്കാൾ പതിന്മടങ്ങ് ക്ഷമതയുള്ളതും ഇൻഫ്രാറെഡ് തരംഗ ദൈർഘ്യത്തിൽ നിരീക്ഷണം സാധ്യമാക്കുന്നതുമാണ് റോമൻ. പ്രപഞ്ച വിജ്ഞാനീയത്തിന് ഇനിയും പൂർണമായും മനസിലാകാത്ത തമോ ഊർജത്തെക്കുറിച്ചുള്ള പഠനമാണ് ‘റോമൻ’ ദൂരദർശിനിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം, ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത് സൗരയൂഥത്തിനുപുറത്തുള്ള നിരവധി ഭൗമസമാന ഗ്രഹങ്ങളെയും ‘റോമൻ’ തിരിച്ചറിയുമെന്നാണ്. 2021ൽ വിക്ഷേപിച്ച ജെയിംസ് വെബ് ടെലിസ്കോപ്, ഇത്രകാലവും ലഭ്യമായിട്ടില്ലാത്ത പ്രപഞ്ച ചിത്രങ്ങൾ ഭൂമിയിലേക്കയച്ചിരുന്നു. സമാനമായ രീതിയിൽ ‘റാമൻ’ ദൂരദർശിനിയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.