17542 കിലോമീറ്റർ വേഗത്തിൽ ഛിന്നഗ്രഹം പാഞ്ഞെത്തുന്നു, 580 അടി വലിപ്പം; മുന്നറിയിപ്പുമായി നാസ
ഭൂമിക്ക് അരികിലൂടെ കടന്നുപോകാനിരിക്കുന്ന മറ്റൊരു കൂറ്റൻ ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്നഗ്രഹം കടന്നുപോവുക. 580 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണത്രെ. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുക.
ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്നഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ കണക്കാക്കുന്നത്. എന്നാൽ ഈ ഛിന്നഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം. നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ന്യൂതന ദൂരദർശിനികളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് ഇത്തരം ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അപകടസാധ്യതയുണ്ടെങ്കിൽ ഉടൻ തിരിച്ചറിയാനാകും.