Begin typing your search...

ഏത് മൊബൈല്‍ നെറ്റ്‌വര്‍ക്കും സര്‍ക്കാരിന് പിടിച്ചെടുക്കാമെന്ന് പുതിയ ടെലികോം ബില്‍

ഏത് മൊബൈല്‍ നെറ്റ്‌വര്‍ക്കും സര്‍ക്കാരിന് പിടിച്ചെടുക്കാമെന്ന് പുതിയ ടെലികോം ബില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൊതു സുരക്ഷ, അടിയന്തര സാഹചര്യം എന്നിവ കണക്കിലെടുത്ത് ഏത് ടെലികോം നെറ്റ് വര്‍ക്കും സര്‍ക്കാരുകള്‍ക്ക് താല്‍കാലികമായി പിടിച്ചെടുക്കാമെന്ന് 2023 ലെ ടെലികമ്മ്യൂണിക്കേഷന്‍സ് കരട് ബില്‍. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇന്ന് ലോക് സഭയില്‍ 'ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023' അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ അവതരണം.

'ദുരന്തനിവാരണം ഉള്‍പ്പടെ ഏതെങ്കിലും പൊതു അടിന്തര സാഹചര്യം ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ പൊതു സുരക്ഷയുടെ താല്‍പര്യം മുന്‍നിര്‍ത്തി, കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പ്രത്യേകം അധികാരപ്പെടുത്തിയ എതെങ്കിലും ഉദ്യോഗസ്ഥന്‍, അത് ചെയ്യേണ്ടത് ആവശ്യമോ ഉചിതമോ എങ്കില്‍ അറിയിപ്പ് വഴി ടെലികമ്മ്യൂണിക്കേഷന്‍ സേവനമോ നെറ്റ് വര്‍ക്കോ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് താല്‍കാലികമായി കൈവശപ്പെടുത്താം എന്ന് ബില്ലിൽ പറയുന്നു.

സബ് സെക്ഷന്‍ (2) ലെ ക്ലോസ് (എ) ക്ലോസ് പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് ബില്‍ പറയുന്നു. എന്നാല്‍ പൊതു സുരക്ഷ മാനിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശ കൈമാറ്റം തടസപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതുവഴി ടെലികോം നെറ്റ് വര്‍ക്കുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും.

സന്ദേശങ്ങള്‍ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് കോടി രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്നും ബില്‍ പറയുന്നു. ടെലികോം തര്‍ക്ക പരിഹാരത്തിനും അപ്പലേറ്റ് ട്രൈബ്യൂണലിനും രൂപം നല്‍കാനും കരട് വ്യവസ്ഥ ചെയ്യുന്നു.

1885 ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 19933 ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ട്, 1950 ലെ ടെലിഗ്രാഫ് വയേഴ്‌സ് (നിയമവിരുദ്ധമായ കൈവശം വെക്കല്‍) നിയമം തുടങ്ങിയവയ്ക്ക് പകരമായാണ് നിര്‍ദ്ദിഷ്ട നിയമം. ഈ നിയമങ്ങളില്‍ ചിലതിന് 138 വര്‍ഷത്തോളം പഴക്കമുണ്ടെന്നും സാങ്കേതിക വിദ്യകള്‍ അതിവേഗം വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ പുതിയ നിയമം ആവശ്യമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.

WEB DESK
Next Story
Share it