വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകള്‍ വ്യാജമാണോ എന്ന് അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ
വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് നിരവധി ചിത്രങ്ങള്‍ വരുന്നുണ്ടാകും. പലതരം ഫോര്‍വേര്‍ഡ് ചിത്രങ്ങള്‍ കണ്ട് വിശ്വസിച്ച് ചിലപ്പോള്‍ അത് മറ്റ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്‌തേക്കാം.
എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം. ഇനി വാട്‌സ്ആപ്പില്‍ വരുന്ന ചിത്രങ്ങള്‍ സത്യമാണോ വ്യാജമാണോ എന്ന് ആലോചിച്ച് കഷ്ടപ്പെടണ്ട.
വാട്സ്ആപ്പ് തന്നെയാണ് അതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചറിന്റെ പേര് എന്നാണ് വിവരം.
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും.