ജെല്ലിഫിഷ് 'ജലനക്ഷത്രം'; കണ്ടെത്തിയത് നാലായിരം അടി താഴ്ചയിൽ
ആഴങ്ങളിലാഴങ്ങളിൽ രഹസ്യങ്ങളൊളിപ്പിച്ചുവച്ച മഹാവിസ്മയമാണ് സമുദ്രം! ശാസ്ത്രലോകത്തിനു കണ്ടെത്താനാകാത്ത എത്രയോ രഹസ്യങ്ങൾ ഇനിയും ഒളിഞ്ഞുകിടക്കുന്നുണ്ടാകും മഹാസമുദ്രങ്ങളിൽ! സമുദ്രാന്തർഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങൾ മനുഷ്യനെ എന്നും അതിശയിപ്പിക്കാറുണ്ട്.
അതുപോലെതന്നെ ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകാത്ത എത്രയോ പ്രതിഭാസങ്ങൾ സമുദ്രങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ അതിനുനൽകുന്ന വിവരണങ്ങൾ പലപ്പോഴും അപര്യാപ്തമാണ്. ആമൂല്യങ്ങളായ അറിവുകൾ തേടി നീലജലത്തിന്നടിയിലേക്കുള്ള മനുഷ്യന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നില്ല.
മെക്സിക്കോയിലെ ബജ കാലിഫോർണിയ തീരത്തുനിന്ന് 4,000 അടി താഴ്ചയിൽ കണ്ടെത്തിയ ഒരു ജെല്ലിഫിഷ് ലോകത്തിനുമുന്നിൽ കൗതുകംനിറഞ്ഞ കാഴ്ചയായി. വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു വൈകാതെ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ധാരാളം കമന്റുകളും ഷെയറുകളും വീഡിയോയ്ക്കു ലഭിക്കുകയുണ്ടായി.
അതിമനോഹരമാണ് ഈ ജെല്ലിഫിഷ്. നീല നിറമാണിതിന്. ജെല്ലിഫിഷിന്റെ മറ്റൊരു പ്രത്യേകത, അതു പ്രകാശിക്കുന്നു എന്നതാണ്. പ്രകാശം പരത്തിയുള്ള ജെല്ലിഫിഷിന്റെ സഞ്ചാരം നയനമനോഹരമായ കാഴ്ചയാണ്. ആകാശത്തെ മിന്നുന്ന നക്ഷത്രം പോലെ നീലജലത്തിനുള്ളിലെ നക്ഷത്രമായി ജെല്ലിഫിഷിനെ കാഴ്ചയ്ക്കു തോന്നും. അതു പരത്തുന്ന പ്രകാശം വർണശബളമാണ്. നാലായിരം അടി താഴ്ചയിൽ ജീവിച്ച പ്രകാശിക്കുന്ന ജെല്ലിഫിഷ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നു.