വരുന്നൂ... ഇൻസ്റ്റാഗ്രമിനു പുതിയ ഫീച്ചർ
ഇൻസ്റ്റാഗ്രമിനു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നു. വെരിഫൈഡ് ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം കാണിക്കുന്ന സംവിധാനമാവും ഇത്. കമ്പനി ഒരു പുതിയ ഫീഡ് ഓപ്ഷനാണ് ഇതിനായി പരീക്ഷിക്കുന്നത്. ഫീച്ചർ നിലവിൽ വരുന്നതോടെ അക്കൗണ്ട് ഹോൾഡേഴ്‌സിന് അവരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികൾ, ഇൻഫ്‌ലുവൻസേർസ്, ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള പോസ്റ്റുകൾ അവരുടെ മുഴുവൻ ഫീഡിലൂടെ സ്‌ക്രോൾ ചെയ്യാതെ തന്നെ കാണാനാകും.
ഇൻസ്റ്റഗ്രാമിൻറെ മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷൻ സേവനത്തിൻറെ ഭാഗമായാണ് പുതിയ ഫീഡ് ഓപ്ഷൻ അവതരിപ്പിക്കുന്നത്. മെറ്റ പരിശോധിച്ച അക്കൗണ്ടുകളിലേക്ക് മാത്രം ടോഗിൾ ചെയ്ത് ഉപയോക്താവിന് അവരുടെ ഇൻസ്റ്റാഗ്രം ഫീഡും റീലുകളും കാണാനാകും. ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണമായും ബിസിനസുകൾക്കു കടുതൽ ഇടം കണ്ടെത്താനുള്ള ഒരു മാർഗമായാണ് പുതിയ ഫീച്ചർ.
പുതിയ ഫീഡ് ഓപ്ഷൻ എങ്ങനെയായിരിക്കുമെന്നതിൻറെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റാഗ്രം മേധാവി പങ്കുവച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉപയോക്താക്കൾ ഇൻസ്റ്റാഗ്രം ലോഗോയിൽ ടാപ്പുചെയ്യുമ്പോൾ 'ഫോളോവിംഗ്', 'ഫേവറിറ്റുകൾ' എന്നിവയ്ക്ക് കീഴിൽ 'മെറ്റാ വെരിഫൈഡ്' എന്ന ഓപ്ഷൻ കൂടി ദൃശ്യമാകും.
പുതിയ മെറ്റാ വെരിഫൈഡ് ഫീച്ചർ സാധാരണ ഉപയോക്താക്കളെ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നുള്ള കണ്ടൻറുകൾ കാണാൻ അനുവദിക്കുക മാത്രമല്ല, മെറ്റാ വെരിഫൈഡ് ടാഗ് ഉപയോഗിച്ച് കൂടുതൽ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗം കൂടിയാണ്. വെബിൽ 11.99 ഡോളറും ആപ്പിൽ 14.99 ഡോളറുമാണ് മെറ്റ വെരിഫൈഡ് ഫീസ്.