ചരിത്രമെഴുതി സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്; റോക്കറ്റിന്‍റെ ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരിച്ചിറക്കി, വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
സ്പേസ് എക്സ് നിര്‍മിച്ച ക്രൂവില്ലാത്ത കൂറ്റന്‍ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം സമ്പൂർണ വിജയം. സ്റ്റാർഷിപ്പിന്‍റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണ് ടെക്സാസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നടന്നത്. വിക്ഷേപണത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം റോക്കറ്റിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചു. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി ലോഞ്ച് പാഡിൽ തിരിച്ചിറക്കി. അതേടൊപ്പം, റോക്കറ്റിന്‍റെ രണ്ടാം ഭാഗം ബഹിരാകാശ യാത്രക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. വിക്ഷേപണത്തറയിൽ ഘടിപ്പിച്ച റോബോട്ടിക് ആയുധങ്ങൾ (ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232 അടി ഉയരമുള്ള ബൂസ്റ്റർ റോക്കറ്റ് പിടിച്ചെടുത്തത്. ഭീമൻ റോക്കറ്റിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ആദ്യമായാണ്.
Mechazilla has caught the Super Heavy booster! pic.twitter.com/6R5YatSVJX
— SpaceX (@SpaceX) October 13, 2024
സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റർ തിരികെയിറക്കൽ വിജയം കണ്ടതിന് പിന്നാലെ ചരിത്രം കുറിച്ച പരീക്ഷണ പറക്കലിന്റെ വിഡിയോ പങ്കുവെച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. എക്സിലൂടെയാണ് വിഡിയോ മസ്ക് പങ്കുവെച്ചത്.
Tomorrow!! pic.twitter.com/GsvGcHsMYt
— Lee Rogers (@SethWestmore) October 13, 2024
ലോകത്തിലെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്. സ്റ്റാര്‍ഷിപ്പിന്റെ മുൻ പരീക്ഷണ വിക്ഷേപണങ്ങൾ സമ്പൂർണ വിജയം നേടിയിരുന്നില്ല. സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുകയും റോക്കറ്റിന്‍റെ രണ്ട് ഭാഗങ്ങളുടെ വേർപ്പെടൽ നടക്കുകയും ചെയ്തെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിക്കുകയായിരുന്നു.
Video from a different vantage point shows Starship Booster never came even close to hitting the tower.
— ALEX (@ajtourville) October 13, 2024
As far as I can tell, this was as perfect of a Mechazilla catch as SpaceX could have hoped for. pic.twitter.com/TagzygAQgG
ഭാവിയിലെ ചാന്ദ്ര, ചൊവ്വ ഗ്രഹാന്തര ദൗത്യങ്ങളിൽ ഉപയോഗിക്കാൻ പോകുന്ന റോക്കറ്റാണിത്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്കും പുറത്തേക്കും കൊണ്ടു പോകുന്നതിനായി വികസിപ്പിച്ചെടുത്ത കൂറ്റന്‍ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്. ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങൾ വിജയിച്ചാൽ മനുഷ്യരെ കൊണ്ടു പോകാനാണ് സ്പേസ് എക്സിന്റെ പദ്ധതി. പൂർണമായി പുനരുപയോഗിക്കാവുന്ന വിധത്തിലാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ നിർമിതി.