വില അരലക്ഷം രൂപയിലധികം; എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ ഒരു ഹെഡ്ഫോൺ
എയർ പ്യൂരിഫിക്കേഷൻ പ്രവർത്തനക്ഷമതയുള്ള ഒരു ഹെഡ്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഡൈസൺ എന്ന കമ്പനി. വായു മലിനീകരണവും ശബ്ദ മലിനീകരണവും ഒരുപോലെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന ഹെഡ്ഫോണാണ് ഡൈസൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ആറ് വർഷത്തോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ ഹെഡ്ഫോൺ കമ്പനി പുറത്തിറക്കുന്നത്.
വായു ശുദ്ധീകരണവും ഓഡിയോയും സംയോജിപ്പിച്ചാണ് ഹെഡ്ഫോണിന് കമ്പനി രൂപം നൽകിയിരിക്കുന്നത്. നഗര മേഖലകളിലെ ശബ്ദമലിനീകരണം, വായുമലിനീകരണം യഥാക്രമം തിരിച്ചറിഞ്ഞ് ഒരൊറ്റ ഉപകരണത്തിലൂടെ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഹെഡ്ഫോൺ വികസിപ്പിക്കുന്ന കാലയളവിൽ ഏകദേശം 500-ലധികം പ്രോട്ടോടൈപ്പുകളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഹെഡ്ഫോൺ സ്വന്തമാക്കാൻ 59,900 രൂപയിലധികം ചെലവഴിക്കേണ്ടി വരും.