സ്തംഭിച്ച് ചാറ്റ് ജിപിടി; പിന്നില്‍ 'അനോണിമസ് സുഡാന്‍'
ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി പലയിടങ്ങളിലും തടസപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഓപ്പണ്‍ എഐ പറഞ്ഞത്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസപ്പെടുന്നത്. ഇതിന് പിന്നില്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു.
ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും ഓപ്പണ്‍ എഐ അറിയിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍ ഖേദമറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് തങ്ങളെന്നും കമ്പനി അറിയിച്ചു.
ഇതിനിടെയാണ്, ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട സുഡാന്‍ ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന്റെ പ്രതിഷേധമാണ് തങ്ങളുടേതെന്ന് സുഡാന്‍ ഹാക്കര്‍മാര്‍ ഒരു ടെലിഗ്രാം ചാനലിലൂടെ അറിയിച്ചതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ചാറ്റ് ജിപിടിക്ക് ഇസ്രയേലിനോടും പലസ്തീനോടും പൊതുവായ പക്ഷപാതമുണ്ട്. അത് ട്വിറ്ററില്‍ തുറന്നു കാണിക്കപ്പെടുന്നു.
ചില വിഷയങ്ങളില്‍ മാതൃകയുടെ വലിയ പക്ഷപാതമുണ്ട്, അത് പരിഹരിക്കേണ്ടതുണ്ട്. എഐ ഇപ്പോള്‍ ആയുധ വികസനത്തിലും മൊസാദ് പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികളും ഉപയോഗിക്കുന്നു. പലസ്തീനികളെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ എഐ ഉപയോഗിക്കുന്നു. ഓപ്പണ്‍ എഐ ഒരു അമേരിക്കന്‍ കമ്പനിയാണ്. ഞങ്ങള്‍ ഇപ്പോഴും അമേരിക്കന്‍ കമ്പനിയെയും ലക്ഷ്യമിടുന്നു.' എന്നായിരുന്നു ടെലിഗ്രാം ചാനലിലെ സന്ദേശം. അനോണിമസ് സുഡാന്‍ എന്ന പേരിലാണ് സന്ദേശമെത്തിയത്.
വെബ് സൈറ്റുകളിലേക്ക് കൃത്രിമമായി ട്രാഫിക് സൃഷ്ടിച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിലുള്ള ആക്രമണമാണ് ഡി ഡോസ് ആക്രമണം. സെര്‍വറിന് താങ്ങുന്നതിന്റെ അങ്ങേയറ്റമുള്ള ട്രാഫിക് കൃത്രിമമായി സൃഷ്ടിക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്യുക. അതോടെ വെബ് സൈറ്റ് പ്രവര്‍ത്തനരഹിതമാകും. ചാറ്റ് ജിപിടിയുടെ ചാറ്റ് ബോട്ടിന്റെയും എഐ ചാറ്റ്ബോട്ടുകള്‍ നിര്‍മിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയ ടൂളൂകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ടെന്നും ടെക് വിദഗ്ദര്‍ അറിയിച്ചിട്ടുണ്ട്.