'ഒമേഗൾ' വിട!; രാജകീയം, ആ ഭൂതകാലം
ജനപ്രിയ പ്ലാറ്റ്‌ഫോമായ ഒമേഗൾ പ്രവർത്തനം അവസാനിപ്പിച്ചു. അധികച്ചെലവും കമ്പനി കൈകാര്യം ചെയ്യുന്നതിലെ കടുത്ത സമ്മർദ്ദവുമാണ് ഒമേഗൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വെല്ലുവിളികളിലൂടെയാണ് ഒമേഗൾ കടന്നുപോകുന്നതും അടച്ചുപൂട്ടൽ അല്ലാതെ മറ്റു മാർഗങ്ങൾ മുന്നിലില്ലെന്നും ഉടമയായ ലീഫ് കെ. ബ്രൂക്‌സ് പറഞ്ഞു.
സെമിത്തേരിയിൽ പേരു കൊത്തിവയ്ക്കുന്ന കല്ലിൽ ഒമേഗളിൻറെ ലോഗോ ആലേഖനം ചെയ്തുള്ള ചിത്രം പങ്കുവച്ചാണ് പ്രവർത്തനം നിർത്തുന്നതായുള്ള പ്രഖ്യാപനം നടത്തുന്നത്. സാമ്പത്തികമായും മാനസികമായും തുടർന്നുപോകാനാവില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. സൈബർ ദുരുപയോഗത്തെ ചെറുക്കുന്നതിൽ കമ്പനി പലപ്പോഴും പരാജയപ്പെട്ടെന്നും അവർ വ്യക്തമാക്കുന്നു.
അൽപ്പം ചരിത്രം
2009ലാണ് ഒമേഗളിൻറെ തുടക്കം. കണ്ണടച്ച് തുറക്കും വേഗത്തിലാണ് പ്‌ളാറ്റ്‌ഫോം ജനപ്രിയമായി മാറിയത്. അതിനു കാരണമുണ്ട്. എളുപ്പം കൈകാര്യം ചെയ്യാവുന്ന രൂപകൽപ്പനയായിരുന്നു ഒമേഗളിൻറെ ഏറ്റവും വലിയ സവിശേഷത. ലോകത്ത് എവിടെയുമുള്ള അപരിചിതരുമായും ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ജനപ്രിയമാകുന്നതിൽ പങ്കുവഹിച്ചു. അതേസമയം, സൈബറിടങ്ങളിൽ ദുരുപയോഗവും വെല്ലുവിളികളും സമ്മർദങ്ങളും വർധിച്ചതോടെ ഒമേഗളും വലിയ രീതിയിലുള്ള പരിശോധനകൾക്ക് ഇരയാകേണ്ടിവന്നു.
ഒരുപാടു വിവാദങ്ങൾ ഒമേഗളിനെ ചുറ്റിപ്പറ്റിയുണ്ടായി. അതിൽ കുപ്രസിദ്ധം, യുഎസ് യുവാവ് ഒമേഗളിനെ മറയാക്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കുട്ടികളോട് ലൈംഗികാസക്തിയുള്ള ആളുകൾക്കു പരിചയപ്പെടുത്തി എന്നതാണ്. സംഭവത്തിൽ പത്തു വർഷത്തോളം നീണ്ട നിയമപ്പോരാട്ടം നടത്തേണ്ടിവന്നു കമ്പനിക്ക്. കൊറോണ വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുട്ടികളുടെ ലൈംഗികദൃശ്യങ്ങളിൽ പത്തിരട്ടിയലധികം വർധനയുണ്ടായതായി ഇൻറർനെറ്റ് വാച്ച് ഫൗണ്ടേഷൻ (ഐഡബ്ല്യുഎഫ്) റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒമേഗളിൻറെ പ്രവർത്തനങ്ങളിലെ ആശങ്കകൾ പങ്കുവച്ച് ബ്രൂക്സ് തന്നെ നിരവധി തവണ രംഗത്തെത്തിയിരുന്നു.
എന്തായാലും, ഒമേഗൾ നിനക്കു വിട..!