5,000 വർഷം മുമ്പ് മനുഷ്യൻ കുതിരയെ സവാരിക്കായ് ഉപയോഗിച്ചു; തെളിവുകളുമായി ശാസ്ത്രജ്ഞർ
5,000 വർഷം പഴക്കമുള്ള മനുഷ്യരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന തെളിവുകളുമായി ഒരു സംഘം പുരാവസ്തു ഗവേഷകർ. അടുത്തിടെ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് പുരാതന മനുഷ്യന്റെ കുതിര സവാരിയുടെ തെളിവുകൾ ഗവേഷകർക്കു ലഭിച്ചത്.
സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന യംനയന്മാരുടെ അസ്ഥികൂടമാണ് ഗവേഷകർക്കു ലഭിച്ചത്. ഏകദേശം ബിസി 3,000-2,500 നും ഇടയിൽ യുറേഷ്യൻ സ്റ്റെപ്പിയിൽ ജീവിച്ചിരുന്നവരാണ് യംനയന്മാർ. ഇവരുടെ പരമ്പാരഗത തൊഴിൽ കാലി വളർത്തലായിരുന്നു. കാലികളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു തെളിച്ചുകൊണ്ടുപോയിരുന്ന യംനയന്മാർ ആദ്യത്തെ നാടോടി ഗോത്രങ്ങളിലൊന്നാണെന്ന് ഗവേഷകർ പറയുന്നു. ഇന്നത്തെ റൊമാനിയ, ബൾഗേറിയ, ഹംഗറി, സെർബിയ തുടങ്ങിയ പ്രദേശങ്ങളിലേക്കു കുടിയേറാനായി യംനയന്മാർ പോണ്ടിക്-കാസ്പിയൻ മേഖലകളിലേക്കു പ്രവേശിച്ചിരിക്കാനും സാധ്യതയേറെയെന്ന് ശസ്ത്രജ്ഞർ പറയുന്നു. തങ്ങളുടെ കന്നുകാലികളെ തെളിച്ചു കൊണ്ടുപോകുന്നതിനായി യംനയന്മാർ കുതിരകളെ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് പോണ്ടിക്-കാസ്പിയൻ മേഖലകളിൽനിന്ന് ഇപ്പോൾ പുരാവസ്തു ഗവേഷകർക്കു ലഭിച്ചത്.
ആറു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാൾ കുതിര സവാരി ശീലിച്ചിരുന്നോ എന്നു മനസിലാക്കാൻ കഴിയുക എന്ന ഗവേഷണത്തിന് നേതൃത്വം കൊടുത്ത മാർട്ടിൻ ട്രൗട്ട്മാൻ പറയുന്നു. ഹിപ് സോക്കറ്റുകൾ, തുടയുടെ അസ്ഥികൾ, പെൽവിസ് എന്നിവയുൾപ്പെടെയുള്ള അസ്ഥികളിൽ തേയ്മാനം ഉൾപ്പെടെയുള്ളവ കാണാൻ കഴിയും. 4,500-5,000 വർഷത്തിനിടയിൽ പഴക്കമുള്ള കുർഗൻ എന്നറിയപ്പെടുന്ന ശ്മശാനങ്ങളിൽനിന്നു ലഭിച്ച മനുഷ്യന്റെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളിൽ ഇതിന്റെ തെളിവുകൾ ഗവേഷകർക്കു കണ്ടെത്താനായി.
മൃതദേഹങ്ങൾക്കൊപ്പം ആയുധങ്ങൾ, കുതിരകൾ തുടങ്ങിയവ അടക്കം ചെയ്തിരുന്ന പുരാതന മൺകൂനകളായ ശവക്കല്ലറകളാണ് കുർഗൻ എന്നു വിളിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ടിൽ മധ്യേഷ്യയിലും കിഴക്കൻ, തെക്കുകിഴക്ക്, പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലും കുർഗനുകൾ വ്യാപകമായി നിലനിന്നിരുന്നു. ഒരു വിഭാഗം ശാസ്ത്രജ്ഞർ കുർഗനുകളെ ഇന്തോ-യൂറോപ്യന്മാരുമായി ബന്ധപ്പെടുത്തുന്നുണ്ട്. ദക്ഷിണ സൈബീരിയയിലും മധ്യേഷ്യയിലുമുള്ള കുർഗനുകൾ വെങ്കലം, ഇരുമ്പ്, മധ്യകാലഘട്ടങ്ങളിൽ നിർമിക്കപ്പെട്ടതാണെന്നു ഗവേഷകർ അനുമാനിക്കുന്നു. ബിസി നാലാം നൂറ്റാണ്ടിൽതന്നെ പടിഞ്ഞാറൻ യുറേഷ്യൻ മേഖലയിലുള്ളവർ കുതിരകളെ വളർത്തിയിരുന്നതായി ഹെൽസിങ്കി സർവകലാശാല ആർക്കിയോളജി പ്രൊഫസറും വോൾക്കർ ഹെയ്ഡ് പറയുന്നു. ബിസി 3,000-2,500 ഇടയിൽ യംനയ സംസ്‌കാരത്തിലെ അംഗങ്ങൾ കുതിരസവാരി നടത്തിയിരുന്നതായും അദ്ദേഹം പറയുന്നു.