50-ാം വയസ്സ്; മൊബൈൽ ഫോണിന് ഇന്ന് 'ഹാപ്പി' ഹാഫ് സെഞ്ചുറി
1973 ഏപ്രിൽ 3ന് മാർട്ടിൻ കൂപ്പർ ന്യൂയോർക്കിലെ സിക്‌സ്ത് അവന്യുവിൽ നിന്നുകൊണ്ട് തന്റെ പോക്കറ്റിൽ നിന്ന് ഒരു ഉപകരണം പുറത്തെടുത്തു. ക്രീം നിറത്തിലെ ആ വലിയ ഉപകരണത്തിലേക്ക് അയാൾ ഒരു നമ്പറടിച്ചു. എന്നിട്ടത് ചെവിയിൽ വച്ചു. നിരത്തിലൂടെ നടന്നുനീങ്ങിയവർ കൂപ്പറിനെ തുറിച്ചുനോക്കി. മോട്ടറോളയുടെ എൻജിനീയറായിരുന്ന കൂപ്പർ എതിരാളികളായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയലിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു ''കൈയിലൊതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന, സ്വന്തം ഫോണിൽ നിന്നാണ് ഞാൻ വിളിക്കുന്നത്'' എന്ന്. യുഎസ് ഗവേഷകനായ മാർട്ടിൻ കൂപ്പർ ആദ്യമായി മൊബൈൽ ഫോൺ അവതരിപ്പിച്ചിട്ട് ഇന്ന് 50 വർഷം തികയുന്നു.
ലോകത്തിൽ വിപ്ലവം സൃഷ്ടിച്ച മോട്ടോറോള ഡൈന ടിഎസി 8000 എക്‌സ് ഫോൺ ആണ് ആദ്യത്തെ സെല്ലുലാർ ഫോൺ. ഒന്നര കിലോ ഭാരമുള്ളതായിരുന്നു ഫോൺ 10 ഇഞ്ച് നീളമുള്ളതായിരുന്നു. 10 മണിക്കൂറോളമെടുത്ത് ചാർജാകുന്ന ഫോണിന്റെ ബാറ്ററി ചാർജ് 25 മിനിറ്റ് നേരത്തെക്ക് മാത്രമാണ് നീണ്ടുനിന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം 1983ലാണ് ഫോൺ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. 1995 ജൂലൈയിൽ ഇന്ത്യയിലും പിറ്റേ വർഷം സെപ്റ്റംബറിൽ കേരളത്തിലും മൊബൈൽ ഫോൺ എത്തി.
ആദ്യത്തെ മൊബൈൽ ഫോണിനൊപ്പം മാർട്ടിൻ കൂപ്പർ എന്നാൽ, പുതുതലമുറയുടെ മൊബൈൽ ഉപയോ?ഗം കണ്ട് തനിക്ക് സങ്കടം വരാറുണ്ടെന്നാണ് കൂപ്പർ അടുത്തിടെ പറഞ്ഞത്. ആളുകൾ ഫോണിൽ നോക്കി റോഡ് മുറിച്ച് കടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. അവരുടെ കണ്ണും മനസും അതിനുള്ളിലാണ്. ഇനി അങ്ങനെ കുറേ പേർ മരിച്ചു കഴിയുമ്പോൾ എല്ലാവരും ബോധവാന്മാരാകുമായിരിക്കും, 94കാരനായ കൂപ്പർ പറഞ്ഞു. തനിക്ക് ഒരിക്കലും തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്ന പോലെ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും കൂപ്പർ പറഞ്ഞു. ഇപ്പോൾ മൊബൈൽ ഫോണുകൾ ആളുകളുടെ ജീവിത നിലവാരം ഒരുപാട് മെച്ചപ്പെടുത്തുന്നു. ഒരുപക്ഷേ ഭാവിയിൽ മൊബൈൽ ഫോണുകൾ ആരോ?ഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവം സൃഷ്ടിച്ചേക്കാം. ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറ അത്തരം ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.