വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗ് ; രണ്ടാം സീസണിന് നാളെ തുടക്കം, ഏറ്റുമുട്ടുന്നത് അഞ്ച് ടീമുകൾ
വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിന് നാളെ തുടക്കം. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 22 മത്സരങ്ങളാണ് കളിക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേസ് എന്നീ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും ഡൽഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. പോയിന്റ് ടേബിളില്‍ മുന്നിലെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് കടക്കും. രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എലിമിനേറ്റര്‍ മത്സരം കളിച്ച് ഫൈനല്‍ ഉറപ്പിക്കണം. പ്രഥമ ലീഗിലെ ചാംപ്യന്‍മാരായ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന മുംബൈ തന്നെയാണ് ലീഗിലെ വമ്പന്‍ ടീം. സ്മൃതി മന്ദാന നയിക്കുന്ന ആര്‍സിബിയും കിരീട പ്രതീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍.
മലയാളി സാന്നിധ്യവുമുണ്ട് വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍. മലയാളികളുടെ അഭിമാനമായി മാറിയ മിന്നുമണി ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുക. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഓള്‍റൗണ്ടറായി തിളങ്ങിയ മിന്നുമണിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും പ്രതീക്ഷകളേറെയാണ്. ഒപ്പം മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ മറ്റൊരു വയനാട്ടുകാരി സജ്‌ന സജീവും പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ മത്സരത്തിന് ഒരുങ്ങുകയാണ്.
15 ലക്ഷം രൂപയ്ക്കാണ് സജ്ന മുംബൈയുടെ കൂടാരത്തിലെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് സജ്‌നയ്ക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം. ഇന്ത്യന്‍ താരം മിന്നു മണിയെ ഡല്‍ഹി ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അരങ്ങേറാനും മിന്നു മണിക്ക് സാധിച്ചിരുന്നു.