'നമ്മൾ ഭാരതീയർ'; ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണച്ച് വീരേന്ദർ സേവാഗ്
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിനെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. നമ്മൾ ഭാരതീയരാണെന്നും ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു. ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്നായിരിക്കണമെന്നും സേവാഗ് കുറിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ട്വീറ്റ്.
Here's the #TeamIndia squad for the ICC Men's Cricket World Cup 2023 #CWC23 pic.twitter.com/EX7Njg2Tcv
— BCCI (@BCCI) September 5, 2023
''രാജ്യത്തിന്റെ പേര് നമ്മുടെ ഉള്ളിൽ അഭിമാനമായി നിറയേണ്ട ഒന്നായിരിക്കണം. നമ്മൾ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. നമ്മുടെ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്നത് ഞാൻ ഏറെനാളായി അഭ്യർഥിക്കുന്ന കാര്യമാണ്. ഈ ലോകകപ്പിൽ നമ്മുടെ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന് എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബി.സി.സി.ഐ, ജയ് ഷാ എന്നിവരോട് ഞാൻ അഭ്യർഥിക്കുന്നു''-സേവാഗ് എക്‌സിൽ കുറിച്ചു. ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ 'ടീം ഇന്ത്യയല്ല, ടീം ഭാരത്' എന്ന് സേവാഗ് വീണ്ടും ട്വീറ്റ് ചെയ്തു. ഈ ലോകകപ്പിൽ നമ്മൾ കോഹ്‌ലി, രോഹിത്, ബുംറ, ജദ്ദു തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഭാരതമുണ്ടാവട്ടെ, നമ്മുടെ താരങ്ങൾ ഭാരത് എന്നുള്ള ജഴ്‌സി ധരിക്കുകയും ചെയ്യും - സേവാഗ് എക്‌സിൽ കുറിച്ചു.
India to Bharat: Sehwag knew this before anyone else https://t.co/x5n5sVoBtj pic.twitter.com/8AbdgnY30Y
— Johns (@JohnyBravo183) September 5, 2023
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്ന ബിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗ് പേരുമാറ്റത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്ന് ട്വീറ്റ് ചെയ്ത് അമിതാഭ് ബച്ചനും പേരുമാറ്റത്തിന് പിന്തുണ അറിയിച്ചിരുന്നു.