അണ്ടർ -23 ഏഷ്യൻ കപ്പ് ; ചൈനയെ തോൽപ്പിച്ച് ജപ്പാൻ
യൂത്ത് ഫുട്ബാളിൽ ചൈനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയവുമായി ജപ്പാന്റെ തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ അങ്കത്തിൽ കളിയുടെ ആദ്യ മിനിറ്റുകളിൽതന്നെ ഗോളും ചുവപ്പുകാർഡുമെല്ലാം ജപ്പാനെ തേടിയെത്തിയിരുന്നു. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലമായിരുന്നു ജപ്പാന്റെ തുടക്കം. കളിയുടെ എട്ടാം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും ഫുകി യമാദ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസിനെ, കുർയു മാറ്റ്സുകി അനായാസം വലയിലേക്ക് തട്ടിയിട്ട് തുടങ്ങി.
എന്നാൽ, 17ആം മിനിറ്റിൽ കടുത്ത ഫൗളിന് നേതൃത്വം നൽകിയ പ്രതിരോധ നിര തരാം റുയാ നിഷിയോ ചുവപ്പുകാർഡുമായി പുറത്തായതോടെ ജപ്പാന്റെ അംഗ ബലം പത്തിലേക്ക് ചുരുങ്ങി. ശേഷം, പ്രതിരോധം കടുപ്പിച്ച്, എതിരാളികൾക്ക് ഗോളിനുള്ള അവസരം നൽകാതെയായിരുന്നു ജപ്പാന്റെ കളി. ഒടുവിൽ ഒരു ഗോളിൽ തൂങ്ങി വിജയവും നേടി. ഗ്രൂപ് ബിയിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണ കൊറിയ 1-0ത്തിന് യു.എ.ഇയെയും, ‘സി’യിലെ മത്സരത്തിൽ തായ്ലൻഡ് 2-0ത്തിന് ഇറാഖിനെയും തോൽപിച്ചു.