ഇഞ്ചോടിഞ്ച് പോരാട്ടം , ആകാംക്ഷ , പ്രതീക്ഷ , ഒടുവിൽ കോപ്പ അർജന്റീനയ്ക്ക് തന്നെ ; കൊളംബിയയെ വീഴ്ത്തിയത് ഒരു ഗോളിന്
ഇഞ്ചോടിഞ്ച് പോരിൽ അധിക സമയത്ത് കൊളംബിയൻ ഹൃദയം തുളച്ച് ലൗതാരോ മാർട്ടിനസ് നേടിയ ഗോളിൽ കോപ്പയിൽ മുത്തമിട്ട് അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതിനെത്തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 112ആം മിനുറ്റിലായിരുന്നു അർജന്റീനയുടെ പ്രതീക്ഷകൾക്ക് മേൽ ലൗതാരോ ഉദിച്ചുപൊന്തിയത്. ഈ കോപ്പയിലുടനീളം അർജന്റീനയുടെ രക്ഷകനായ ലൗതാരോയുടെ അഞ്ചാംഗോളാണിത്. 16ആം കോപ്പ കിരീടത്തോടെ അർജന്റീന ഇക്കാര്യത്തിലും റെക്കോർഡിട്ടു.
ടിക്കറ്റില്ലാതെ കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് കയറിയതിനെത്തുടർന്ന് 75 മിനുറ്റ് വൈകിയാണ് കോപ്പ ഫൈനൽ ആരംഭിച്ചത്. കാലിനേറ്റ പരിക്കിനെത്തുടർന്ന് 66ആം മിനുറ്റിൽ ലയണൽ മെസ്സിക്ക് പുറത്തിരിക്കേണ്ടി വന്നു. സ്റ്റേഡിയത്തിൽ നിയന്ത്രണം വിട്ട് കരയുന്ന മെസ്സിയെയും ക്യാമറകൾ ഒപ്പിയെടുത്തു. പരുക്കൻ കളിയാണ് പലപ്പോഴും മൈതാനത്ത് കണ്ടത്. കൊളംബിയക്ക് നേരെ 18 ഫൗളുകളും അർജന്റീനക്ക് നേരെ എട്ട് ഫൗളുകളുമാണ് വിധിച്ചത്.
പന്തടക്കത്തിലും പാസിങ്ങിലും മുന്നേറ്റങ്ങളിലുമെല്ലാം കൊളംബിയ മുന്നിട്ടുനിന്നു. പക്ഷേ വട്ടമിട്ടുനിന്ന അർജന്റീനയുടെ പ്രതിരോധ നിരയെ മറികടക്കാനുള്ള വിദ്യകൾ കൊളംബിയൻ സംഘത്തിനില്ലാതെ പോയി.19 ഷോട്ടുകളുതിർത്തെങ്കിലും നാല് എണ്ണം മാത്രമായിരുന്നു പോസ്റ്റിലേക്ക് വന്നത്. വീണുകിട്ടിയ അവസരങ്ങളിൽ അർജന്റീന കൊളംബിയൻ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോൾ ഒഴിഞ്ഞുനിന്നു. ഗോൾകീപ്പർ കാമിലോ വർഗാസിന്റെ സേവുകളും കൊളംബിയക്ക് തുണയായി.
76ആം മിനുറ്റിൽ നിക്കോ ഗോൾസാലസ് നേടിയ ഗോളിലൂടെ ഗ്യാലറി നിറഞ്ഞ അർജന്റീന ആരാധകർ ആഘോഷം തുടങ്ങിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നിരുന്നു. അധിക സമയത്താണ് മത്സരത്തിന്റെ വിധി നിശ്ചയിച്ച സബ് സ്റ്റിട്ട്യൂഷൻ ലയണൽ സ്കലോണി നടത്തിയത്. മാക് അലിസ്റ്ററിന് പകരം
ലോ സെൽസോയെയും എൻസോ ഫെർണാണ്ടസിന് പകരം ലൗതാരോ മാർട്ടിനസിനെയും കളത്തിലേക്ക് വിളിച്ചു. വൈകാതെ ഫലവുമെത്തി. ലാ സെൽസോ നീട്ടിക്കൊടുത്ത പന്തിൽ ഗോളിലേക്ക് ഓടിക്കയറിയ ലൗതാരോ പോസ്റ്റിലേക്ക് നിറയൊഴിച്ചതോടെ മത്സരത്തിന്റെ വിധി തീരുമാനമായിരുന്നു.