വ്യക്തിഗത പ്രകടനമല്ല ടീമാണ് പ്രധാനം ; സഞ്ജു സാംസൺ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ട്വൻ്റി-20യില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുമ്പോള്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ് സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറ്റുതാരങ്ങള്‍ പരാജയപ്പെട്ട ഗ്രൗണ്ടിലാണ് സഞ്ജു അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.
മത്സരത്തില്‍ താരവും സഞ്ജു ആയിരുന്നു.മത്സരശേഷം സഞ്ജു തന്റെ ഇന്നിംഗ്‌സിനെ കുറിച്ചും ടീമിന്റെ വിജയത്തെ കുറിച്ചും സംസാരിച്ചു. ഫോം പരമാവധി ഉപയോഗിപ്പെടുത്തുന്നുവെന്ന് സഞ്ജു പറഞ്ഞു. മലയാളി താരത്തിന്റെ വാക്കുകള്‍. ''പിച്ചില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നന്നായി കളിക്കാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ എന്റെ ഫോം പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്ന് നിങ്ങള്‍ക്ക് പറയാം. ആക്രമണോത്സുക കാണിക്കേണ്ടതിനെ കുറിച്ച് നമ്മള്‍ സംസാരിച്ചിക്കാറുണ്ട്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ നേട്ടങ്ങള്‍ക്ക് പ്രധാന്യം
നല്‍കണം.മൂന്നോ നാലോ പന്തുകള്‍ കളിച്ച ശേഷം അടുത്ത് ബൗണ്ടറി നേടാനാണ് ശ്രമിക്കുക.ഞാനും അതിന് ശ്രമിച്ചത്. അത് ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും.ഇന്നത്തെ ദിവസം എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു.പരമ്പരയില്‍ ജയത്തോടെ തുടങ്ങാനായതിലും സന്തോഷം. ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടില്‍ നടക്കുന്ന പരമ്പരയാണെന്നുള്ള ഗുണമുണ്ട്. അവര്‍ മികച്ച ടീമാണ്. അതുകൊണ്ടുതന്നെ പരമ്പര നന്നായി തുടങ്ങണമായിരുന്നു, അതിന് സാധിച്ചതില്‍ സന്തോഷം.'' സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞു.
22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്‌ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.