ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ ; രഞ്ജിയിൽ കളിച്ചത് ബിസിസിഐ കരാറിൽ നിന്ന് പുറത്താവാതിരിക്കാൻ എന്ന് വിമർശനം
സുനില്‍ ഗവാസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് മുന്‍ ഇന്ത്യൻ നായകന്‍. രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു.
ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയാറായത് പൂര്‍ണ മനസോടെയാണോ അതോ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താകാതിരിക്കാനാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, പന്തിന് നല്ല മൂവ്മെന്‍റ് ലഭിച്ച പിച്ചില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കാതെ അടിച്ചു കളിക്കാന്‍ നോക്കി വിക്കറ്റ് കളയുകയായിരുന്നു ഇരുവരും. രോഹിത്തിന്‍റെ ബാറ്റിംഗ് കാണുമ്പോള്‍ തന്നെ ഫോമിലല്ലെന്ന് വ്യക്തമാവും.
ഇത്തരം സാഹചര്യങ്ങളില്‍ ക്രീസില്‍ പിടിച്ചു നിന്ന് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാതെ തകര്‍ത്തടിക്കാന്‍ നോക്കുന്നത് ശരിയായ സമീപനമാണെന്ന് കരുതുന്നില്ല. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലും പലരും അമിതാവേശം കാട്ടി പുറത്തായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അന്ന് പിടിച്ചു നിന്ന് 50 റണ്‍സെങ്കിലും അധികം കൂട്ടിച്ചേര്‍ക്കാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.
കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കളിക്കാന്‍ തയാറാവത്തതിന്‍റെ പേരില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമായിരുന്നു. രോഹിത്തും യശസ്വിയും മുംബൈ ടീമില്‍ കളിച്ചതോടെ കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈക്കായി സെഞ്ചുറികളും അര്‍ധസെഞ്ചുറികളും നേടിയ യുവതാരം ആയുഷ് മാത്രെയാണ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായതെന്നും ഗവാസ്കര്‍ എഴുതി.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത്തിന്‍റെ മോശം പ്രകടനത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ രോഹിത് ബിസിസിഐക്ക് പരാതി നല്‍കിയെന്നും ഗവാസ്കറുടെ വിമര്‍ശനം തന്‍റെ പ്രകടനം ബാധിച്ചുവെന്ന് രോഹിത് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.