കന്നിക്കിരീടത്തിനുള്ള പോരാട്ടം ഇന്ന്; വനിത ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും നേർക്കുനേർ
ടി20 വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. കന്നിക്കീരിടം ലക്ഷ്യമിട്ടാണ് ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും കളത്തിലിറങ്ങുക. രാത്രി 7.30 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്. 2009ലും 2010ലും അവർ റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം റണ്ണറപ്പായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളിയിൽ മൂന്നും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും സെമിയിലെത്തിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മറികടക്കാനുള്ള സുവര്‍ണാവസരമാണിത്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശം. ഈ ലോകകപ്പിലെ റണ്‍നേട്ടത്തില്‍ മുന്നിലുള്ള ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ത്ത് (അഞ്ചുകളി, 190 റണ്‍സ്), ടാസ്മിന്‍ ബ്രിറ്റ്‌സ് (അഞ്ചു കളി, 170 റണ്‍സ്), പത്തുവിക്കറ്റ് നേടിയ നോണ്‍കുലുലേക്കോ മലാബ തുടങ്ങിയവരാണ് ടീമിന്റെ കുതിപ്പിന് നേതൃത്വം നല്‍കിയത്.
ഓസീസ് ആറുതവണ ലോകകപ്പ് നേടിയിട്ടുണ്ട്. സെമിയില്‍ എട്ട് റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ഓപ്പണര്‍ സൂസി ബേറ്റ്‌സ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കപ്പോടെ യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂസീലന്‍ഡ്.