Begin typing your search...

അവസരങ്ങൾ തുലച്ചു; അൽ നസ്‌റിന് വീണ്ടും തോൽവി

അവസരങ്ങൾ തുലച്ചു; അൽ നസ്‌റിന് വീണ്ടും തോൽവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും അണിനിരന്ന കരുത്തരായ അൽനസ്‌റിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കൊമ്പുകുത്തിച്ച് അൽ താവൂൻ. സ്വന്തം തട്ടകത്തിൽ കുപ്പായമിട്ടിറങ്ങിയ റൊണാൾഡോയും കൂട്ടുകാരും വമ്പൻ താര സാന്നിധ്യമില്ലാത്ത താവൂനിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങുകയായിരുന്നു. സൗദി പ്രോ ലീഗ് ഫുട്ബാളിൽ അൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലു ദിവസം മുമ്പ് അൽ ഇത്തിഫാഖിനെതിരായ ലീഗിലെ ആദ്യമത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. പോയന്റ് പട്ടികയിൽ ഇപ്പോൾ 15-ാം സ്ഥാനത്താണ് ടീം.

മത്സരത്തിൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ അൽനസ്‌റിന് വിനയായി. എതിരാളികളുടെ വല ലക്ഷ്യമിട്ട് 24 ഷോട്ടുകൾ പായിച്ച ടീമിന് ഒന്നുപോലും ഗോളാക്കാനായില്ല. 20-ാം മിനിറ്റിൽ കോർണർ കിക്കിൽ ഹെഡറുതിർത്ത് ലിയാൻഡ്രേ തവാംബ ആണ് താവൂനിനെ മുന്നിലെത്തിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അൽ നസ്‌റിന് അനുകൂലമായി റഫറി പെനാൽറ്റി കിക്കിന് വിസിൽ മുഴക്കിയെങ്കിലും 'വാറി'ൽ തീരുമാനം തിരുത്തി. ഒരുതവണ മാനെ എതിരാളികളുടെ പോസ്റ്റിൽ പന്തെത്തിച്ച് ആഘോഷം തുടങ്ങിയെങ്കിലും ലൈൻസ്മാന്റെ ഓഫ്‌സൈഡ് കൊടി ഉയർന്നിരുന്നു. ഗോളി മാത്രം മുന്നിൽനിൽക്കെ റൊണാൾഡോക്ക് സുവർണാവസരം കൈവന്നെങ്കിലും വലയിലേക്ക് ഷോട്ടുതിർക്കാനായില്ല.

അൽ നസ്ർ ഏതുനിമിഷവും സമനില ഗോൾ നേടിയേക്കുമെന്നു തോന്നിച്ച രണ്ടാം പകുതിയിൽ താവൂൻ പ്രതിരോധം അടിയുറച്ചുനിന്നു. മാനെയും ഫൊഫാനയും ബ്രൊസോവിച്ചും ക്രിസ്റ്റ്യാനോയും അണിനിരന്ന ആക്രമണങ്ങളെ അവർ ഫലപ്രദമായി തടഞ്ഞുനിർത്തി. 88-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ പൊള്ളുന്നൊരു ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കി മടങ്ങിയതിനു പിന്നാലെയും ഓഫ്‌സൈഡ് ഫ്‌ലാഗുയർന്നു. ഇഞ്ചുറി ടൈമിൽ മാനെ വീണ്ടും വലയിൽ പന്തെത്തിച്ചു. അതും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി. ഈ നീക്കത്തിനുപിന്നാലെ അടുത്ത മിനിറ്റിൽ കൗണ്ടർ അറ്റാക്കിങ്ങിൽ അഹ്മദ് ബഹുസെയ്ൻ ലീഡുയർത്തിയതോടെ അൽ നസ്‌റിന്റെ തോൽവി പൂർണമായി. അൽ താവൂനെതിരെ നിറം മങ്ങിയ ഫോമിലായിരുന്നു ക്രിസ്റ്റ്യാനോ. അൽ ഇത്തിഫാഖിനെതിരെ പരിക്കുകാരണം സൂപ്പർ താരം കളത്തിലിറങ്ങിയിരുന്നില്ല. ആ പരിക്കിൽനിന്ന് പോർചുഗീസുകാരൻ പൂർണമായും മുക്തനായിട്ടില്ലെന്ന തോന്നൽ സൃഷ്ടിക്കുന്നതായിരുന്നു കളത്തിലെ അദ്ദേഹത്തിന്റെ പദചലനങ്ങൾ. ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെന്നതുപോലെ തോന്നിച്ച താരത്തെ പലപ്പോഴും ഓഫ്‌സൈഡിൽ കുരുക്കിയിടാനും താവൂൻ ഡിഫൻസിന് കഴിഞ്ഞു.

WEB DESK
Next Story
Share it