ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സഞ്ജു രണ്ടാമത്; പന്തും രാഹുലും പുറകിൽ
ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള കുതിപ്പിൽ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ രണ്ടാമതെത്തി. വിരാട് കോലിയാണ് ഒന്നാമതുള്ളത്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള പോരാട്ടത്തിൽ 33 പന്തില്‍ നിന്ന 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപറ്റൻ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരി റൺസിന്റെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 77 റണ്‍സാണ് താരത്തിന്റെ ശരാശരി.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 161.09 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഈ തകർപ്പൻ നേട്ടം. ഒന്നാമതുള്ള കോലിക്ക് ഒമ്പത് കളികളിൽ നിന്ന് 430 റണ്‍സാണുള്ളത്. സ്‌ട്രൈക്ക് റേറ്റ് 145.76. ശരാശരി റൺസ് 61.43. സഞ്ജും കോലിയും തമ്മിലുള്ള വ്യത്യാസം 45 റണ്‍സിന്റേതാണ്. രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവും എന്നാൽ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന കെ എല്‍ രാഹുലിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 378 റണ്‍സാണുള്ളത്. 144.72 സ്‌ട്രൈക്ക് റേറ്റിലും 42.00 ശരാശരിയുമുള്ള രാഹുല്‍ മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിലുള്ളത് റിഷഭ് പന്താണ്. 10 മത്സരങ്ങളില്‍ 46.38 ശരാശരിയില്‍ 371 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 160.61 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.