ഐപിഎല്ലിൽ ആർസിബിയും ചെന്നൈയും നേർക്കുനേർ; പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം
ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലമത്തെ ടീമിനെ ഇന്നറിയാം. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് 7.30ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഇരു ടീമുകൾക്കും നിർണായകമാണ്. ഈ മത്സരത്തിലെ വിജയിയായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. കൊൽക്കത്തയും രാജസ്ഥാനും ഹൈദരാബാദുമാണ് ഇതുവരെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍.
സീസണിന്റെ തുടക്കത്തിൽ തുടരെ തോൽവി ഏറ്റു വാങ്ങിയ ആർസിബി പിന്നീട് ഫോമിലേക്ക് തിരിച്ചു വരികയായിരുന്നു. തുടർച്ചയായ അഞ്ചാം ജയത്തോടെ അവർ പ്ലേ ഓഫിന് അരികെ നിൽക്കുകയാണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റാണ് ആർസിബിക്കുള്ളത്. 14 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ റൺറേറ്റിൽ മുന്നിലാണ്, അതുകൊണ്ടു തന്നെ വലിയ മാർജിനോടുകൂടി ഒരു വമ്പൻ ജയം നേടിയാലെ ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകു. വിജയത്തിലേക്കുള്ള ആർസിബിയുടെ പ്രതീക്ഷകൾ മുഴവൻ റൺവേട്ടക്കാരിൽ മുന്നിലുള്ള കിംഗ് കോലിയിൽ തന്നെയാണ്.
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയാകട്ടെ തുടക്കത്തിലെ മികവ് പിന്നെ കണ്ടില്ല. ബാറ്റിംഗിലെ പോരായ്മയാണ് പ്രധാന കാരണം. ടീം ക്യാപറ്റൻ റുതുരാജ് ഗെയ്ക്‌വാദിന് മാത്രമാണ് സ്ഥിരതയുള്ളത്. പതിരാനയും മുസ്തഫിസുറും ഇല്ലെങ്കിലും ബൗളിംഗിൽ ചെന്നൈ പതറിയിട്ടില്ല. സിമർജിത്ത് സിംഗും തുഷാർ ദേശ് പാണ്ഡെയും നയിക്കുന്ന പേസ് ബൗളിംഗ് ആർസിബിക്ക് വെല്ലുവിളിയാകും. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാനെ പിന്തള്ളി ചെന്നൈക്ക് രണ്ടാം സ്ഥാനത്ത് വരെയെത്താം.