250 ട്വന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ; ഒറ്റ മാച്ചിൽ നേടിയത് നാല് റെക്കോർഡുകൾ
ഐപിഎല്ലിൽ നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ റെക്കോർഡ് നേട്ടത്തിൽ ഇടം പിടിച്ച് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലാണ് ഹിറ്റ്മാൻ നാല് റെക്കോർഡുകൾ സ്വന്തമാക്കിയത്. മത്സരത്തിന് ഇറങ്ങിയപ്പോൾ തന്നെ 250 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം മുംബൈ മുൻ നായകൻ നേടിയെടുത്തു. ഇതേ മാച്ചിൽ ഐപിഎല്ലിൽ 100 ക്യാച്ചെടുക്കുന്ന നാലാമത്തെ താരമാകുകയും ചെയ്തു. റിച്ചാർഡ്‌സന്റെ ക്യാച്ചെടുത്തതോടെയാണ് സെഞ്ച്വറി തികച്ചത്. 109 ക്യാച്ചുള്ള സുരേഷ് റെയ്നയാണ് ഒന്നാമത്. ഡൽഹിക്കിതിരെ മാത്രം ആയിരം റൺസും ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സ് എന്ന നാഴികക്കല്ലും ഇന്നലെ രോഹിത്ത് പിന്നിട്ടു.
ഡൽഹിക്കെതിരെ സീസണിലെ ആദ്യ ജയവും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. മുംബൈ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ ട്വന്റി-20 ചരിത്രത്തിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.