റണ്‍വേട്ടയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് പരാഗ്, സഞ്ജുവിന് തിരിച്ചടി
ഐപിഎല്ലില്‍ റണ്‍വേട്ടയിൽ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് നാലാം സ്ഥാനത്ത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ 49 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയതോടെയാണ് പരാഗ് നാലാം സ്ഥാനത്തേക്ക് കയറിയത്. ഇതോടെ 10 മത്സരങ്ങളിൽ (9 ഇന്നിംഗ്‌സ്) നിന്ന് 409 റണ്‍സാണ് പരാഗ് സമ്പാദിച്ചത്. അതേസമയം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു തിരിച്ചടി നേരിട്ടു. ഹൈദരാബാദിനെതിരെ താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇപ്പോൾ സഞ്ജു ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്.
സഞ്ജുവിനെ മറികടന്ന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 396 റൺസുമായി ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ് 509 റണ്‍സുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസമാണ് 500 റൺസുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിയെ രണ്ടാം സ്ഥാനത്തേക്ക് റുതുരാജ് പിന്തള്ളിയത്. ഇരുവരും പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. സായ് സുദര്‍ശന്‍ 418 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നില്‍ പരാഗ്. 406 റൺസുമായി കെ എല്‍ രാഹുല്‍, 398 റൺസുമായി റിഷഭ് പന്ത് എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഏഴാമന്‍ ട്രാവിസ് ഹെഡ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിള്‍ സാള്‍ട്ട് 392 റണ്‍സുമായി സഞ്ജുവിന് മുന്നില്‍ എട്ടാം സ്ഥാനത്താണ്.