ഒറ്റ മത്സരത്തിലൂടെ കളി മാറ്റി പന്ത്; ടി20 ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ പട്ടികയിൽ സഞ്ജുവിനെ പിന്നിലാക്കി
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ സഞ്ജു സാംസണിനെക്കാൾ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് ഡൽഹി കാപ്പിറ്റൽസ് താരം റിഷഭ് പന്ത്. ഡൽഹി മൂന്നിന് 44 എന്ന നിലയില്‍ തകര്‍ന്നിരിക്കെയാണ് രക്ഷകനായി പന്ത് ക്രീസിലെത്തിയത്. അഞ്ചാമനായി എത്തിയ പന്ത് 43 പന്തില്‍ 88 റണ്‍സാണ് അടിച്ചെടുത്തത്. പന്തിന്റെ ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും അഞ്ച് ഫോറും ഉണ്ടായിരുന്നു. മറ്റൊരു നേട്ടം കൂടി പന്ത് സ്വന്തമാക്കി. 2024 ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പർ കൂടിയാണ് പന്ത്. റൺ വേട്ടയിൽ മുന്നേറാനും പന്തിന് സാധിച്ചു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് പന്ത് നേടിയത്. ഒപ്പം 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. അതേസമയം, എട്ട് മത്സരങ്ങളിൽ കളിച്ച സഞ്ജു 62.80 ശരാശരിയില്‍ 314 റണ്‍സുമായി ഏഴാമതാണ്. ഇപ്പോള്‍ പന്തിനേക്കാള്‍ 28 റണ്‍സ് പിറകിലാണ് സഞ്ജു.