പ്രതിഫലത്തെക്കുറിച്ച് റിങ്കു സിംഗ്; 55 ലക്ഷം പോലും രൂപ തനിക്ക് വലുതാണ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന്‍റെ പ്രതിഫലം ഇപ്പോഴും ലക്ഷങ്ങളിൽ തന്നെ. 2018ൽ 80 ലക്ഷം രൂപക്കാണ് റിങ്കു സിംഗിനെ കൊൽക്കത്ത സ്വന്തമാക്കുന്നത്. എന്നാൽ 2022ൽ കൈവിട്ട റിങ്കുവിനെ 55 ലക്ഷം മുടക്കിയാണ് കൊൽക്കത്ത ടീമിൽ നിലനിർത്തിയത്. കോടികൾ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്ന ഐപിെല്ലിൽ റിങ്കുവിന്റെ പ്രതിഫലം തീരെ കുവാണ്.
മറ്റു യുവതാരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലവുമായി നോക്കുമ്പോൾ ചെറിയ തുകയാണ് റിങ്കുവിന് കിട്ടുന്നതെന്ന് ചൂണ്ടികാട്ടിയപ്പോൾ തന്നെ സംബന്ധിച്ച് 55 ലക്ഷമൊക്കെ വലിയ തുകയാണെന്നായിരുന്നു റിങ്കുവിന്റെ പ്രതികരണം. ടി20 ലോകകപ്പിന് പുറപ്പെടും മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിങ്കു പ്രതിഫലത്തെക്കുറിച്ച് പറഞ്ഞത്.
കരിയര്‍ തുടങ്ങിയപ്പോള്‍ വിചാരിച്ചതിലും വലിയ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്നും റിങ്കു പറഞ്ഞു. അതുകൊണ്ടുതന്നെ 50-55 ലക്ഷം എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. കുട്ടിയായിരുന്നുപ്പോള്‍ അഞ്ചോ പത്തോ രൂപ എങ്ങനെ ഉണ്ടാക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് 55 ലക്ഷം കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അത് വലിയ തുകയാണ്. ദൈവം എന്താണോ തരുന്നത് അതില്‍ താൻ സന്തുഷ്ടനാണ്, അങ്ങനെ ചിന്തിക്കാനാണ് തനിക്കിഷ്ടം. അല്ലാതെ തനികെത്ര കിട്ടിയെന്നോ എത്ര കിട്ടണമെന്നോ താൻ ചിന്തിക്കാറില്ലെന്നും റിങ്കു വ്യക്തമാക്കി. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട റിങ്കുവിന് ഒരു വര്‍ഷം ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കുന്നുണ്ട്.