ലിയോണൽ മെസി ഇന്റർ മയാമി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ; ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് ചേക്കേറിയേക്കും
അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി വിടാനൊരുങ്ങി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. 2025ല്‍ അദ്ദേഹം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. ബാഴ്സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്.
പിഎസ്ജിയെ വലിയ നേട്ടത്തിലേക്ക് എത്തിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. മെസിക്കൊപ്പം നെയ്മറും എംബാപ്പെയുമുണ്ടായിട്ടും ചാംപ്യന്‍സ് ലീഗ് കിരീടത്തിലെത്താന്‍ ഫ്രഞ്ച് ക്ലബിന് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ പരിഹാസത്തിനും മെസി ഇരയായി. പിന്നീട് ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് ശേഷം മെസി പിഎസ്ജി വിടുകയായിരുന്നു. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ആ ശ്രമവും പരാജയപ്പെട്ടപ്പോള്‍ മെസി മയാമിയിലെത്തുകയായിരുന്നു.
അടുത്ത വര്‍ഷം മെസി, മയാമി വിടുമെന്ന് ഉറപ്പായതോടെ എങ്ങോട്ടെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടിയും പുറത്തുവരുന്നുണ്ട്. തന്റെ ബാല്യകാല ക്ലബായ ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്കാണ് മെസി പോവുക. മെസി അര്‍ജന്റൈന്‍ ക്ലബിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. സെര്‍ജിയോ അഗ്യൂറോ, ഇതിഹാസതാരം മാരിയ കെംപസ് എന്നിവരെല്ലാം മെസി അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് മുമ്പ് സംസാരിച്ചിരുന്നു. മെസിയാവട്ടെ എല്ലാം തുടങ്ങിയിടത്ത് നിന്ന് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സ് ജേഴ്‌സിയില്‍ മെസി വിരമിച്ചേക്കും.
ആറാം വയസില്‍ റൊസാരിയോയിലെത്തിയ മെസി പിന്നീട് ആറ് വര്‍ഷം അവിടെ കളിച്ചശേഷമാണ് ബാഴ്ലോണയിലേക്ക് പോയത്. മെസിയുമായുള്ള കരാര്‍ ബാഴ്‌സ റദ്ദാക്കിയപ്പോള്‍ ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സ് ആരാധകര്‍ തെരുവിലിറങ്ങിയിരുന്നു. മെസി തിരിച്ചെത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. ''നിങ്ങളുടെ സ്വപ്നം, ഞങ്ങളുടെ ആഗ്രഹം' എന്നായിരുന്നു ആരോധകരുടെ മുദ്രാവാക്യം. അവരുടെ ആവശ്യം സാധ്യമാക്കാനൊരുങ്ങുകയാണ് മെസി.