രഞ്ജി ട്രോഫി ; സെമി ഫൈനലിൽ തമിഴ്നാടിനെ തകർത്ത് മുംബൈ ഫൈനലിൽ
രഞ്ജി ട്രോഫി സെമിയിൽ തമിഴ്നാടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഫൈനലിൽ. ഇന്നിങ്‌സിനും 70 റൺസിനും തോൽപിച്ചാണ് കലാശകളിക്ക് യോഗ്യത നേടിയത്. 232 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് എല്ലാവരും പുറത്തായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്.
നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവരാണ് സന്ദർശക ബാറ്റിങ് നിരയെ കൂടാരം കയറ്റിയത്. 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതിൽ 41 തവണയും കിരീടം നേടിയിരുന്നു. വിദർഭ-മധ്യപ്രദേശ് സെമി ഫൈനൽ വിജയികളെയാണ് മുംബൈ നേരിടുക. മാർച്ച് 10 മുതൽ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനൽ.
തമിഴ്നാടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 146 റൺസിന് മറുപടിയായി 106 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായശേഷം വാലറ്റക്കാരുടെ മികവിലൂടെയാണ് മുംബൈ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. എട്ടാമനായി ക്രീസിലെത്തിയ ഓൾറൗണ്ടർ ഷർദുൽ താക്കൂർ സെഞ്ചുറി നേടിയിരുന്നു. 89 റൺസുമായി തനുഷ് കൊടിയാനും മികച്ച പിന്തുണ നൽകി. ഇതോടെ മുംബൈ 232 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.