ടി20 യിൽ ഇന്ന് ഇന്ത്യ കളത്തലിറങ്ങാനിരിക്കെ ആശങ്ക; രാണ്ടാം പകുതിൽ മഴയ്ക്ക് സാധ്യത; കളി മഴ കൊണ്ടുപോകുമോ?
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ സൂപ്പർ 8 മത്സരം നടക്കാനിരിക്കെ മഴ ഭീഷണി. ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിൽ രാത്രി എട്ടു മണിക്കാണു കളി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിന് മാത്രമല്ല സൂപ്പർ 8 റൗണ്ടിലെ എല്ലാ മത്സരങ്ങൾക്കിടയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ജൂൺ 24ന് സെന്റ് ലൂസിയയിൽ വച്ച് ഇന്ത്യ-ഓസ്ട്രേലിയ മത്സരമാണ് നടക്കാനിരിക്കുന്നത്. അന്നും മഴ പെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് മഴയ്ക്ക് ഭീഷണിയുള്ളതിനാൽ ടോസ് ലഭിക്കുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കാനാണു സാധ്യത. രണ്ടാമതു ബാറ്റു ചെയ്യുന്ന ടീമിന് ഡിഎൽഎസ് നിയമപ്രകാരവും ആനുകൂല്യം ലഭിച്ചേക്കും. അതുപോലെ രണ്ടാം ഇന്നിങ്സിൽ മഴ പെയ്താൽ പന്തെറിയാൻ ബോളർമാരും ബുദ്ധിമുട്ടും.
ട്വന്റി20 ലോകകപ്പ് നിയമം അനുസരിച്ച് സൂപ്പർ 8 മത്സരങ്ങൾക്കിടെ മഴ പെയ്താൽ റിസർവ് ദിനം ലഭിക്കില്ല. ഒരു പന്തു പോലും എറിയാതെ കളി ഉപേക്ഷിക്കേണ്ടി വരും. ട്വന്റി20യിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കു മാത്രമാണ് റിസർവ് ദിനമുള്ളത് അഥവാ മഴ തോരുകയാണെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കി കളി നടത്താനും സാധ്യതയുണ്ട്. കളി ഉപേക്ഷിച്ചാൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഓരോ പോയിന്റു വീതം ലഭിക്കും.