'കീഴടക്കിയത് കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയം ': ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'കളിക്കളത്തിൽ നിങ്ങൾ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഈ ലോകകപ്പ് ഒരു പ്രത്യേക കാരണത്താലും ഓർമിക്കപ്പെടും. ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുന്നത് ചെറിയ നേട്ടമല്ല. ക്രിക്കറ്റ് ലോകത്തിലെ എല്ലാ പ്രഗൽഭരെയും നേരിട്ട് നിങ്ങൾ വിജയം സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ട്. ഈ കളി ചരിത്രമാണ്.''- പ്രധാനമന്ത്രി പറഞ്ഞു.
13 വർഷത്തെ ഇടവേയ്ക്കുശേഷമാണ് ഇന്ത്യ ഒരു ലോകകിരീടം ചൂടുന്നത്. ഇതിനു മുൻപ് 2011ലെ ഏകദിന ലോകകപ്പാണ് ഇന്ത്യ വിജയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 8 വിക്കറ്റിന് 169 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. രണ്ടാം വട്ടമാണ് ഇന്ത്യ ജേതാക്കളാകുന്നത്.