പാരീസ് ഒളിംമ്പിക്സ് ; വിനേഷ് ഫോഗട്ട് സെമിയിൽ , ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി സെമി ഫൈനില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും. ഇന്ന് രാത്രി 10.13നാണ് മത്സരം. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68-ാം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65-ാം സ്ഥാനത്തും. റാങ്കിംഗില്‍ കാര്യമില്ലെന്ന് കഴിഞ്ഞ റൗണ്ടില്‍ തന്നെ ഫോഗട്ട് തെളിയിച്ചതാണ്. ക്വാര്‍ട്ടറില്‍ 15-ാം സ്ഥാനത്തുള്ള ഒക്‌സാന ലിവാച്ചിനേയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ യു സുസാകിയേയും മലര്‍ത്തിയടിച്ചാണ് ഫോഗട്ട് സെമി ഫൈനല്‍ വരെ എത്തിയത്.
ലോക ഇവന്റ്‌സിലോ ഒളിംപിക്‌സിലോ പറയത്തക്ക നേട്ടങ്ങള്‍ ഇല്ല ഇതുവരെ ലോപസിന്. കഴിഞ്ഞ ഒളിംപിക്‌സില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു ലോപസ്. ബുദ്ധിമുട്ടില്ലാതെ ഫൊഗട്ടിന് ഫൈനലിലേക്ക് പ്രവേശിക്കാമെന്നാണ് ആരാധകരുടെ വിശ്വാസം. 2020 ഒളിംപിക്‌സില്‍ ഒരു മത്സരം പോലും വിട്ടു കൊടുക്കാതെ സ്വര്‍ണ്ണ മെഡെല്‍ നേടിയ സുസാക്കിയെ അടക്കം തകര്‍ത്തെറിഞ്ഞ ഫോഗട്ടിന് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതാണ് വലിയ നേട്ടം. 2019ല്‍ വെള്ളിയും നേടിയിരുന്നു. 2023ല്‍ പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലും താരം നേടിയിരുന്നു.
ക്വാര്‍ട്ടറില്‍ ലിവാച്ചിനെ 7-5 തോല്‍പ്പിച്ചാണ് ഫോഗട്ട് സെമിയിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അവസാന നിമിഷം മറികടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ലിവാച്ചിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് വിജയവുമായി സെമിയിലെത്തിയത്. തുടക്കത്തിലെ 4-0ന്റെ ലീഡ് നേടിയ വിനേഷിനെതിരെ പിടിച്ചു നില്‍ക്കാന്‍ യുക്രൈന്‍ താരത്തിനായില്ല.
സെമിയില്‍ ജയിച്ചാല്‍ വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായി മത്സരിക്കേണ്ടിവരും. നേരത്തെ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയ നീരജ് ചോപ്രയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. മറ്റന്നാളാണ് ജാവലിന്‍ ത്രോ ഫൈനല്‍.