ഒളിംപിക്‌സ് സമാപനം; ശ്രീജേഷ് പതാകയേന്തും ഒപ്പം മനു ഭാകറും
ഒളിംപിക്‌സ് സമാപനത്തില്‍ ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതകാ വാഹകനാകും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന്‍ പതകയേന്തും. ഞായറാഴ്ചയാണ് ഒളിംപിക്‌സ് സമാപനം.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടത്. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഒളിംപിക്‌സ് വെങ്കലവുമായാണ് ശ്രീജേഷ് വിരമിച്ചത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തിന്റെ മുഖ്യ ശക്തിയും ഗോള്‍ കീപ്പറെന്ന നിലയില്‍ താരം പുറത്തെടുത്ത മികവാണ്. ഫൈനലിലടക്കം നിരവധി എണ്ണം പറഞ്ഞ സേവുകളാണ് മലയാളി താരം പുറത്തെടുത്തത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനുവിന്റെ വെങ്കല നേട്ടം. ഇതേ ഇനത്തിന്റെ മിക്‌സഡ് പോരാട്ടത്തിലും മറ്റൊരു വെങ്കലം. ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയ മനു ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും മാറിയിരുന്നു.