ബ്രസീലിന്റെ സൂപ്പർ താരത്തിന് 3.3 മില്യൺ ഡോളർ പിഴ; നടപടി പരിസ്ഥിതി നിയമ ലംഘനത്തിന്
ആഡംബര വീട് നിർമാണത്തിന് വേണ്ടി പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന് 3.3 മില്യൺ ഡോളർ പിഴയിട്ടു (ഏകദേശം 27 കോടി ഇന്ത്യൻ രൂപ). ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്ക് കിഴക്കൻ ബ്രസീലിന്റെ തീരപ്രദേശത്താണ് നെയ്മർ തന്റെ ആഡംബര വീട് നിർമിച്ചത്. ശുദ്ധ ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുവെന്നും അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്തു എന്നതുമാണ് നെയ്മറിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് നെയ്മറിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതേ തുടർന്ന് ഗരാതിബയിലെ പരിസ്ഥിതി അധികൃതർ നടത്തിയ പരിശോധനയിൽ നെയ്മറിന്റെ ഭവനത്തിൽ നിർമ്മിച്ച കൃത്രിമ തടാകത്തിൽ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് പിഴ വിധിച്ചത്.
അതേസമയം വിധിയോട് പ്രതികരിക്കാൻ താരമോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ തയ്യാറായിട്ടില്ല. പിഴ ശിക്ഷയ്ക്ക് പുറമേ പരിസ്ഥിതി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ