'ദേശീയ ഗുസ്തി മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കും'; ജൂനിയർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഉറപ്പുമായി അഡ്ഹോക് കമ്മിറ്റി
ജന്തർ മന്തറിലെ ജൂനിയർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഉറപ്പുമായി അഡ്ഹോക് കമ്മിറ്റി.താരങ്ങളോട് പരിശീലനം തുടരാനും മധ്യപ്രദേശ് ഗ്വാളിയോറിലെ ദേശീയ മത്സരങ്ങൾ ഉടൻ നടത്തുമെന്നും കമ്മിറ്റി വ്യക്തമാക്കി.അടുത്തമാസം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ താൽക്കാലിക കമ്മിറ്റിയുടെ ഉറപ്പ് നൽകി.
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ വിവാദങ്ങളിൽ പെട്ടതോടെ മുടങ്ങിയ ദേശീയ മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കണമെന്ന ആവശ്യമായിരുന്നു ജന്തർമന്തറിൽ പ്രതിഷേധിച്ച ജൂനിയർ ഗുസ്തി താരങ്ങൾ മുന്നോട്ടുവച്ചത്. ജൂനിയർ താരങ്ങളുടെ ആവശ്യം ഗൗരവമായി കണക്കിലെടുത്ത് ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി ഇക്കാര്യത്തിൽ ഉറപ്പുനൽകി.
ആറാഴ്ചക്കുള്ളിൽ അണ്ടർ 15 അണ്ടർ 20 വിഭാഗങ്ങളിലായി നടക്കാനിരുന്ന ദേശീയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.താരങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കമ്മറ്റി ഉറപ്പ് നൽകി. വരുന്ന ഫെബ്രുവരിയിൽ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും.ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനായി ജൂനിയർ താരങ്ങളോട് പരിശീലനത്തിൽ ഏർപ്പെടാനും കമ്മിറ്റി നിർദേശിച്ചു. സ്വന്തം നിലയ്ക്ക് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമെന്ന സസ്പെൻഡ് ചെയ്യപ്പെട്ട ഭരണസമിതിയുടെ വെല്ലുവിളി നിലനിൽക്കെയാണ് അഡ്ഹോക് കമ്മിറ്റിയുടെ നീക്കം.