സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ മുന്നിൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ
രഞ്ജി ട്രോഫി ഫൈനല്‍ കാണാന്‍ വന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷി നിര്‍ത്തി അദ്ദേഹം 29 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍. രഞ്ജി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിദര്‍ഭക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ മുംബൈക്കായി സെഞ്ചുറി നേടിയതോടെ മുഷീര്‍ സ്വന്തമാക്കിയത്.
29 വര്‍ഷം മുമ്പ് തന്‍റെ 22-ാം വയസില്‍ രഞ്ജി ഫൈനലില്‍ പഞ്ചാബിനെതിരെ മുംബൈക്കായി സച്ചിന്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി സ്വന്തമാക്കിയ റെക്കോര്‍ഡാണ് 19 വയസും 14 ദിവസവും മാത്രം പ്രായമുള്ള മുഷീറിന് മുന്നില്‍ വഴി മാറിയത്. 326 പന്തുകള്‍ നേരിട്ട് 136 റണ്‍സടിച്ച മുഷീര്‍ മുംബൈയുടെ ലീഡ് 500 കടത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ മുഷീര്‍ സെമിയില്‍ തമിഴ്നാടിനെതിരെ 55 റണ്‍സിടിച്ച് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ക്വാര്‍ട്ടറിലാകട്ടെ ബറോഡക്കെതിരെ തന്‍റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി തന്നെ ഡബിള്‍ സെഞ്ചുറി ആക്കി മാറ്റിയാണ് മുഷീര്‍ ആഘോഷിച്ചത്. 353 പന്തില്‍ 203 റണ്‍സാണ് ക്വാര്‍ട്ടറില്‍ മുഷീര്‍ നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ 25 പന്തില്‍ 33 റണ്‍സും മുഷീര്‍ നേടി.
ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച മുഷീര്‍ 108.25 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 433 റണ്‍സാണ് അടിച്ചെടുത്തത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏഴ് കളികളില്‍ 60 റണ്‍സ് ശരാശരിയിലും 98 സ്ട്രൈക്ക് റേറ്റിലും 390 റണ്‍സടിച്ച മുഷീര്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായിരുന്നു മുഷീര്‍