ഇത് പുതുചരിത്രം, ഇന്ത്യ എ വനിതാ ടീമിനെ മിന്നു മണി നയിക്കും
മലയാളി ക്രിക്കറ്റ് താരം മിന്നു മണിയെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് ബിസിസിഐ. ഈ മാസം ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് മിന്നു വനിതാ ടീമിനെ നയിക്കുന്നത്. നവംബർ 29നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണു മൂന്നു കളികളും നടക്കുന്നത്. ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് വയനാട് സ്വദേശിനിയായ മിന്നു ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. ഇതുവരെ ടീം ഇന്ത്യയ്ക്കായി നാലു രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു. ചൈനയിലെ ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം- മിന്നു മണി (ക്യാപ്റ്റൻ), കനിക അ ഹൂജ, ഉമ ഛേത്രി, ശ്രേയാങ്ക പാട്ടീൽ, ഗോങ്കാടി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയൽ, ദിഷ കസത്, റാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോണിക പട്ടേൽ, കശ്വീ ഗൗതം, ജിന്റിമണി കലിയ, പ്രകാശിക നായിക് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.