മെസി ഇറങ്ങിയില്ല; കപ്പ് നഷ്ടമായി ഇന്റർമയാമി

തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് യു.എസ് ഓപ്പൺ കപ്പ് ഫൈനലിനിറങ്ങിയ ഇന്‍റര്‍ മയാമിക്ക് തോൽവി. പരിക്കേറ്റ നായകന്‍ ലയണൽ മെസ്സി ഇല്ലാതെ കലാശപ്പോരിന് ഇറങ്ങേണ്ടി വന്ന മയാമിയെ ഹൗസറ്റന്‍ ഡൈനാമോ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹൗസ്റ്റന്‍ ഡൈനാമോയുടെ വിജയം.
മെസ്സിക്ക് പുറമേ പരിക്ക് കാരണം സൂപ്പർ ഡിഫൻഡർ ജോർഡി ആൽബയും മയാമിക്കായി യു.എസ് ഓപ്പൺ ഫൈനലിന് ഇറങ്ങിയില്ല. ഹൗസ്റ്റന്‍ ഡൈനാമോയ്ക്കായി ഡോർസി, ബാസി എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. ഇന്‍റര്‍ മയാമിയുടെ ഗോൾ ഇഞ്ച്വറി ടൈമിൽ ജോസഫ് മാർട്ടീനസിന്‍റെ വകയായിരുന്നു.
24ആം മിനുട്ടിൽ ഡോർസിയിലൂടെയാണ് ഹൗസ്റ്റന്‍ ഡൈനാമോ ആദ്യം ലീഡ് എടുക്കുന്നത്. 33ആം മിനുട്ടിൽ ബാസിയുടെ ഗോള്‍ കൂടി വന്നതോടെ ആദ്യ പകുതിയില്‍ത്തന്നെ ഹൗസ്റ്റന്‍ ഡൈനാമോ (2-0)ന് മുന്നിൽ എത്തിയിരുന്നു. ഇതിനു മറുപടി നൽകാൻ ഇഞ്ച്വറി ടൈം വരെ മയാമിക്ക് കാത്തിരിക്കേണ്ടി വന്നു. പക്ഷേ ജോസെഫ് മാർട്ടിനസിന്‍റെ ഗോൾ വരുമ്പോഴേക്കും ഏറെ വൈകിയിരുന്നു.പരാജയത്തോടെ മയാമിയുടെ ഈ സീസണിലെ രണ്ടാം കിരീടം എന്ന പ്രതീക്ഷയാണ് അവസാനിച്ചത്.