ബാല്ലണ്‍ ഡി ഓര് സ്പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്; മികച്ച വനിതാ താരം ഐറ്റാനാ ബോണ്‍മാറ്റി
2024ലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര് പുരസ്കാരം സ്പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ച്, ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്കാരം കരസ്ഥമാക്കിയത്. സ്പെയിനിനു യൂറോ കപ്പ് സമ്മാനിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കുന്നതിലും റോഡ്രിയുടെ സംഭവാന വലുതായിരുന്നു.
ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും 30 അംഗ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇത്തവണ ആരു പുരസ്കാരം നേടുമെന്ന ആകാംക്ഷയുണ്ടായിരുന്നു. പുരസ്കാരം നിര്‍ണയിച്ച കാലയളവില്‍ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പാരീസില്‍നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. വനിതാ ബാല്ലണ്‍ ഡി ഓര് പുരസ്കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം ഐറ്റാനാ ബോണ്‍മാറ്റി അര്‍ഹയായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന് യമാല്‍ സ്വന്തമാക്കി.