അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും; ഇഷാൻ കിഷനെ ഒഴിവാക്കി
അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി.3 മത്സരങ്ങളുള്ള പരമ്പര ജനുവരി 11ന് പഞ്ചാബിലെ മൊഹാലിയിലാണ് ആരംഭിക്കുന്നത്. 14ന് ഇന്ദോറിലും 17ന് ബംഗളൂരുവിലുമാണ് മറ്റു മത്സരങ്ങൾ.
അജിത് അഗാക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. രോഹിത് ശർമ ടീമിനെ നയിക്കും. വിരാട് കോഹ്‍ലിയെയും ടീമിൽ ഉൾപ്പെടുത്തി. ഇരുവരും 2022 നവംബറിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് 20 ഓവർ മത്സരത്തിൽ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. രോഹിതും കോഹ്‍ലിയും ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയത്.
സഞ്ജുവിനെ കൂടാതെ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ടൂർണമെന്റിൽ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവ് ടീമിലില്ല. കൂടാതെ പേസ് ബൗളർമാരായ ബുംറ, സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. പരിക്കേറ്റ ഹർദിക് പാണ്ഡ്യയും റിഥുരാജ് ഗെയ്കവാദും ടീമിൽനിന്ന് പുറത്തായി.
ലോകകപ്പിന് മുമ്പായുള്ള ഇന്ത്യൻ ടീമിന്റെ അവസാന ട്വന്റി20 പരമ്പരയാണിത്. ജൂൺ അഞ്ചിന് അയർലാൻഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ മത്സരം. അതേസമയം, ഏപ്രിൽ മുതൽ ഐ.പി.എൽ ആരംഭിക്കുന്നുണ്ട്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ജയ്സ്വാൾ, വിരാട് കോഹ്‍ലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, സഞ്ജു സാംസൺ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ്, കുൽദീപ് യാദവ്, അർഷദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.