അവസാന കളി ജയിക്കാനായില്ല; സമനിലയുമായി കരിയർ അവസാനിപ്പിച്ച് സുവാരസ്
അവസാന അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാഗ്വെക്കെതിരെയുള്ള 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരമായരുന്നു സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ വിരാമമിടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്. ടീമിന്റെ പ്രധാന സ്ട്രൈക്കറായി ടീമിലെത്തിയ സുവാരസ് 2010 ലോകകപ്പിൽ ടീം സെമിയിലെത്തിയപ്പോഴും തൊട്ടടുത്ത വർഷം കോപ അമേരിക്ക ജേതാക്കളായപ്പോഴും ടീമിന്‍റെ നിർണായക സാന്നിധ്യമായിരുന്നു.
ഉറുഗ്വായ് പരാഗ്വെക്കെതിരെ കളത്തിൽ ഇറങ്ങിയത് ഡാർവിൻ നീനസ് ഉൾപ്പടെ അഞ്ച് പ്രധാന താരങ്ങളില്ലാതെയാണ്. ഇരു ടീമുകളും മികച്ച പോരാട്ടം കാഴിച്ചവെച്ച മത്സരത്തിൽ പക്ഷെ ആർക്കും ഗോൾ നേടാൻ സാധിച്ചില്ല. പോസ്റ്റിൽ തട്ടിയപോയ സുവാരസിന്‍റെ വോളി അടക്കം ഉറുഗ്വായ്ക്ക് ഒരുപാട് അവസരം നഷ്ടമപ്പെട്ടിരുന്നു. എതിരെ നിന്ന് കളിച്ച പരാഗ്വെയും അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ മത്സരം ഗോൾ രഹിതമായി. പന്തിന്റെ നിയന്ത്രണത്തിൽ മാത്രമാണ് ഉറുഗ്വേ ഒരൽപ്പം മുന്നിൽ നിന്നത്. 11 ഷോട്ടുകൾ പായിച്ച ഉറുഗ്വേ താരങ്ങൾക്ക് ലക്ഷ്യത്തിലേയ്ക്ക് ഉതിർക്കാനായത് ഒരു ഷോട്ട് മാത്രമാണ്. 72-ാം മിനിറ്റിൽ ബ്രയാൻ റോഡ്രിഗ്സ് പായിച്ച ആ ഷോട്ട് പരാഗ്വെ ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു.