പകരക്കാരനായി ഇറങ്ങി വീണ്ടും ഹാട്രിക്ക് അടിച്ച് മെസ്സി; പിന്നാലെ റെക്കോഡ് കുറിച്ച് മയാമി
അർജന്റീനക്കായി ഹാട്രിക്കടിച്ച് ദിവസങ്ങള്‍ക്കിപ്പുറം ക്ലബ്ബ് ഫുട്‌ബോളിലും ഹാട്രിക്കടിച്ചിരിക്കുകയാണ് ഇതിഹാസ താരം ലിയോണല്‍ മെസ്സി. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് അര്‍ജന്റീന്‍ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം.
രണ്ടുഗോളുകള്‍ പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാന്‍ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍ മയാമി ലീഡുമെടുത്തു. പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി.
78-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്. മൂന്ന് മിനിറ്റുകള്‍ക്കിപ്പുറം വീണ്ടും വലകുലുക്കിയതാരം ടീമിന്റെ അഞ്ചാം ഗോളും നേടി. മത്സരത്തിന്റെ അവസാനം 89-ാം മിനിറ്റിലും ലക്ഷ്യം കണ്ട് മെസ്സി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. പതിനൊന്ന് മിനിറ്റിനിടെയാണ് താരം മൂന്നുതവണ ലക്ഷ്യം കണ്ടത്. ജയത്തോടെ മറ്റൊരു റെക്കോഡും ടീം സ്വന്തമാക്കി. ഒരു എം.എല്‍.എസ് സീസണില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡാണ് മയാമി സ്വന്തമാക്കിയത്. 34 മത്സരങ്ങളില്‍ നിന്നായി 74 പോയന്റാണ് ഇന്റര്‍ മയാമിക്കുള്ളത്.