2026ല്‍ കളിക്കളത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ലയണല്‍ മെസി
കഴിഞ്ഞ ലോകകപ്പിന് മുൻപായി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അര്‍ജന്റീന നായകനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് മെസി . അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലെത്തിയതിന് പിന്നാലെയാണ് പഴയ തീരുമാനം മെസി ഒന്നുകൂടി വ്യക്തമാക്കിയത്. 2026 ലോകകപ്പില്‍ താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. 'കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം. എന്നാലും അടുത്ത ലോകകപ്പിനുണ്ടാകില്ലെന്ന് ഉറപ്പാണ്.' മെസി അറിയിച്ചു.
ഖത്തറിലെ ലോകകപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞ മെസി ഇതാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് അഭിപ്രായപ്പെട്ടു. തന്റെ കരിയറില്‍ തൃപ്‌തനാണെന്നും നന്ദിയുള്ളവനാണെന്നും മെസി പറഞ്ഞു. 'അടുത്ത ലോകകപ്പില്‍ ഞാൻ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ എന്റെ മനസ് ഇക്കാര്യത്തില്‍ മാറ്റിയിട്ടില്ല. മത്സരം കാണാൻ എന്തായാലും പോകണമെന്നുണ്ട്. എന്നാൽ പങ്കെടുക്കുന്നില്ല' മെസി അഭിപ്രായപ്പെട്ടു.
ബാലൻ ഡി ഓര്‍ നേടിയതിനെക്കുറിച്ച് താൻ കാര്യമാക്കുന്നില്ലെന്നും ഏഴ് തവണ അത് വിജയിച്ചിട്ടുണ്ട്. ഇനിയും വിജയിച്ചാല്‍ സന്തോഷം ഇല്ലെങ്കില്‍ ഒന്നുമില്ലെന്നും മെസി അഭിപ്രായപ്പെട്ടു. അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ ചേര്‍ന്നാണ് അടുത്ത ലോകകപ്പിന് ആതിധേയത്വം വഹിക്കുന്നത്.