സംസ്ഥാന സ്കൂൾ കായികമേള; ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇൻക്ലൂസിവ് ഗെയിംസും മറ്റ് ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. 17 വേദികളിലായാണ് മത്സരം.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായികമേളയിലെ ഗെയിംസ് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണനയുള്ള കുട്ടികളെയും കേരള സിലബസിൽ പഠിക്കുന്ന യുഎഇ സ്കൂളുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി നടത്തപ്പെടുന്ന കായികമേളയിൽ 18 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. മീറ്റിന്‍റെ പ്രധാന വേദിയായ മഹാരാജാസിൽ ഇൻക്ലൂസീവ് മത്സരങ്ങളാണ് നടത്തപ്പെടുക.
അത്‌ലറ്റിക്സ് ഫുട്ബോൾ മത്സരങ്ങളാണ് ഇൻക്ലൂസീവ് വിഭാഗത്തിൽ ഉള്ളത്. എറണാകുളം ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ് ,ടേബിൾ ടെന്നീസ്, ബാഡ്മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിവസം നടക്കും. മത്സരങ്ങൾക്ക് അരമണിക്കൂർ മുൻപ് തന്നെ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം മത്സരാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ആദ്യദിവസം 8 ഫൈനൽ മത്സരങ്ങൾ ആണുള്ളത്.