മൂന്നാം ദിവസവും ഒരു പന്ത് പോലും എറിയാനായില്ല; ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു
കാന്‍പുര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ മൂന്നാംദിവസവും ഒരു പന്ത് പോലും എറിയാനാകാതെ കളി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണം ഗ്രൗണ്ട് ഇപ്പോഴും നനഞ്ഞു കിടക്കുകയാണ്. ആദ്യ രണ്ട് ദിവസവും കളി മഴ തടസ്സപ്പെടുത്തിയിരുന്നു. ആദ്യദിനം 35 ഓവര്‍ മാത്രമെ എറിയാൻ സാധിച്ചിരുന്നൊള്ളു. എന്നാൽ രണ്ടാം ദിനം കളി പൂർണമായി ഉപേക്ഷിക്കേണ്ടി വന്നു. ഫലത്തില്‍ മൂന്ന് ദിവസവും ഉച്ചവരെ കളി നടന്നില്ല.
രാവിലെ പത്ത് മണിക്ക് നടത്തിയ പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും വലിയ തിരിച്ചടിയായി. പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് മനസിലായതോടെയാണ് രാവിലെ കളി തുടങ്ങേണ്ട എന്ന് തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ പരിശോധനയിലും ഔട്ട്ഫീല്‍ഡില്‍ നനവുള്ളതായി കണ്ടെത്തി. മഴ അകന്നെങ്കിലും സൂര്യപ്രകാശം കുറവായതാണ് തിരിച്ചടിയായത്. പിന്നാലെ രണ്ട് മണിക്ക് നടന്നത്തിയ പരിശോധനയിലും അടുത്ത പരിശോധനയില്‍ കാലാവസ്ഥ മോശമായതിനാല്‍ ഇന്നത്തെ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.
ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരുന്നു. 35 ഓവറില്‍ 107-ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുല്‍ ഹഖും (40) മുഷ്ഫിഖുര്‍റഹീമും (6) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവര്‍ പുറത്തായി. ആകാശ് ദീപിന് രണ്ടും രവിചന്ദ്രന്‍ അശ്വിന് ഒന്നും വിക്കറ്റുണ്ട്.