ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി; ലോക റെക്കോർഡുമായി ശ്രീലങ്കൻ താരം കാമിന്ദു മെന്‍ഡിസ്
ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ ബാറ്റര്‍ കാമിന്ദു മെന്‍ഡിസ്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ശ്രീലങ്കക്കായി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി ചരിത്രം കുറിച്ചരിക്കുകയാണ് കാമിന്ദു മെന്‍ഡിസ്. അങ്ങനെ ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് മെന്‍ഡിസ് കരസ്ഥമാക്കി.
ആദ്യ ഇന്നിംഗ്സില്‍ 57-5 എന്ന സ്കോറില്‍ നേടി തകര്‍ന്ന ശ്രീലങ്കയെ 202 റണ്‍സിലൂടെ പിടിച്ചുകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നായിരുന്നു. 127 പന്തുകളിലാണ് കാമിന്ദു മെന്‍ഡിസ് തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഇരുവരും 102 റണ്‍സ് വീതമെടുത്ത് ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്കയുടെ സ്കോർ 280 റണ്‍സിലെത്തിച്ചു. അതേസമയം ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 188 റണ്‍സിന് ഓള്‍ ഔട്ടായി.
രണ്ടാം ഇന്നിംഗ്സിലും അടിപതറിയ ശ്രീലങ്കയുടെ രക്ഷകരായത് ധനഞ്ജയ ഡിസില്‍വയും, കാമിന്ദു മെന്‍ഡിസും തന്നെയാണ്. രണ്ടാം ഇന്നിംഗ്സില്‍ കാമിന്ദു 237 പന്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ലങ്ക 418 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 25കാരനായ കാമിന്ദുവിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റാണിത്.