ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ സംഘം
ഡിസംബറിൽ നടക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകൾക്ക് മുമ്പായി ഫിഫ സംഘവും ക്ലബ് പ്രതിനിധികളും ഖത്തറിലെ മത്സര വേദികൾ സന്ദർശിച്ചു. ഫിഫ യൂത്ത് ടൂർണമെന്റ് മേധാവി റോബർടോ ഗ്രാസി, ടൂർണമെന്റിൽ മാറ്റുരക്കുന്ന റയൽ മഡ്രിഡ്, ആഫ്രിക്കൻ ചാമ്പ്യൻ ക്ലബായ അൽ അഹ്ലി, കോൺകകാഫ് ജേതാക്കളായ പച്ചുക എന്നിരുടെ പ്രതിനിധികളും ദോഹയിലെ തയാറെടുപ്പുകൾ വിലയിരുത്തി.
ഡിസംബർ 11, 14, 18 തീയതികളിലായി മൂന്ന് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. മത്സര വേദികൾ, പരിശീലന സ്ഥലങ്ങൾ, ടീം അംഗങ്ങൾക്കും മാച്ച് ഒഫീഷ്യലുകൾക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിവ സംഘം പരിശോധിച്ച് വിലയിരുത്തി. ഡിസംബർ 11നും 14നുമായി നടക്കുന്ന അമേരിക്കൻ ഡെർബി, ചാലഞ്ചർ കപ്പ് മത്സരങ്ങൾ ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിലാണ് നടക്കുന്നത്. റയൽ മഡ്രിഡ് പന്തുതട്ടുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിന് ലുസൈൽ സ്റ്റേഡിയവും സാക്ഷ്യം വഹിക്കും.
ഖത്തറിലെ ഫുട്ബാൾ, മറ്റു കായിക മത്സരങ്ങൾക്കും വമ്പൻ ടൂർണമെന്റുകൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളെ റോബർടോ ഗ്രാസി പ്രശംസിച്ചു. ഏതൊരു കായിക മത്സരങ്ങൾക്കുമുള്ള വേൾഡ് ക്ലാസ് സൗകര്യങ്ങൾ ഖത്തറിലുണ്ട്. ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വലിയ മേളകളിലൂടെ മികച്ച സംഘാടന വൈഭവമുള്ള സംഘത്തെ സജ്ജമാക്കിക്കഴിഞ്ഞു. ഒരു ലെഗസി പോലെ തുടരുന്ന ഈ നേട്ടങ്ങൾ ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പിനെയും മികവുറ്റതാക്കും -അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വേദികളായ ലുസൈൽ സ്റ്റേഡിയവും 974 സ്റ്റേഡിയവും മറ്റൊരു ശ്രദ്ധേയ മത്സരങ്ങൾക്കായി ഒരുങ്ങിയതായി സ്റ്റേഡിയം മാനേജർമാരായ എൻജി. അലി അൽ ദോസരി, എൻജി. ജാസിം അൽ ഉബൈദലി എന്നിവർ പറഞ്ഞു.