പാരാലിംപിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി; ഇന്ത്യക്ക് 21–ാം മെഡലുമായി സച്ചിൻ ഖിലാരി
പാരീസ് പാരാലിംപിക്സിൽ പുരുഷവിഭാഗം ഷോട്ട്പുട്ടിൽ ഇന്ത്യയുടെ സച്ചിൻ സർജേറാവു ഖിലാരിക്ക് വെള്ളി. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സച്ചിൻ ഖിലാരി. പുരുഷവിഭാഗം എഫ്46 വിഭാഗത്തിൽ 16.32 മീറ്റർ ദൂരം കണ്ടെത്തിയാണ് സച്ചിൻ വെള്ളി നേടിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് സച്ചിൻ. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയിരുന്നു.
16.38 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാർട്ടിനാണ് പാരാലിംപിക്സിൽ സ്വർണം. ഈ സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്. ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ മുഹമ്മദ് യാസിർ 14.21 മീറ്റർ ദൂരത്തോടെ എട്ടാമതാണ് ഫിനിഷ് ചെയ്തത്. 14.10 മീറ്റർ ദൂരം കണ്ടെത്തിയ രോഹിത് കുമാർ ഒൻപതാമനായി.
പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് 21ാം മെഡൽ കൂടിയാണ് സച്ചിൻ സമ്മാനിച്ചത്. ടോക്കിയോ പാരാലിംപിക്സിലെ ആകെ മെഡൽ നേട്ടത്തേക്കാൾ രണ്ടെണ്ണം കൂടുതലാണിത്. മൂന്നു സ്വർണവും എട്ടു വെള്ളിയും 10 വെങ്കലവുമായി മെഡൽ പട്ടികയിൽ 19–ാം സ്ഥാനത്താണ് ഇന്ത്യ.