പാരാലിംപിക്‌സ് ജാവലിന്‍ ത്രോയിൽ നവ്ദീപ് സിങിന് സ്വർണം; ജാവലിൻ പറന്നത് 47.32 മീറ്റര്‍
പാരാലിംപിക്‌സില്‍ ചരിത്രക്കുതിപ്പുമായി ഇന്ത്യ. പാരിസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ് എറിഞ്ഞു വീഴ്ത്തിയത്. 47.32 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ പായിച്ചത്. എന്നാൽ ആദ്യ ഫലത്തില്‍ നവ്ദീപിനു വെള്ളി മെഡലായിരുന്നു. നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് നവ്ദീപിനു സ്വർണം ലഭിച്ചത്. ആദ്യം സ്വര്‍ണം സ്വന്തമാക്കിയ ഇറാന്‍ താരം ബെയ്ത് സദെഗിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നു താരത്തെ അയോഗ്യനാക്കി. ഇതോടെ സ്വര്‍ണം നവ്ദീപിലേക്ക് എത്തി.
ഇറാന്‍ താരം നേരിയ വ്യത്യാസത്തിലാണ് ആദ്യം സ്വര്‍ണം നേടിയത്. താരത്തിന്റെ ജാവലിന്‍ 47.64 മീറ്റര്‍ താണ്ടിയിരുന്നു. എന്നാല്‍ കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നു ഈ ഫലം കണക്കാക്കില്ലെന്നു പാരിസ് പാരാലിംപിക്‌സ് ഔദ്യോഗികമായി വ്യക്തമാക്കി. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സ് മെഡല്‍ നേട്ടം 29 ആയി. 7 സ്വര്‍ണം, 9 വെള്ളി, 13 വെങ്കലം മെഡലുകളുമായി ഇന്ത്യ 16ാം സ്ഥാനത്താണ്.