ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമാണ് താന്‍ അച്ഛനാവാന്‍ പോകുന്നുവെന്ന കാര്യം ഛേത്രി വെളിപ്പെടുത്തിയത്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഫുട്‌ബോളില്‍ നിന്ന് അവധിയെടുത്ത ക്യാപ്റ്റന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തും.ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ പന്ത് ജഴ്‌സിക്കുള്ളിലാക്കി ഗാലറിയിലിരിക്കുന്ന സോനത്തിന് നേരെ വിരല്‍ ചൂണ്ടുകയായിരുന്നു.
ഓഷ്യാനിയന്‍ രാജ്യമായ വന്വാറ്റുവുമായുള്ള മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിലാണ് ഭാര്യ സോനം ഗര്‍ഭിണിയാണെന്ന് ഛേത്രി പറഞ്ഞത്. 2017 ഡിസംബര്‍ നാലിനാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരവും മോഹന്‍ ബഗാന്‍ പ്ലേയറുമായിരുന്ന സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.