ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
സൂര്യകുമാര്‍ യാദവ്-വിരാട് കോലി ബാറ്റിംഗ് വെടിക്കെട്ടില്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി.
സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്. സ്കോര്‍: ഓസീസ്- 186/7 (20), ഇന്ത്യ 187/4 (19.5).
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 5 റണ്‍സ് മാത്രമുള്ളപ്പോള്‍ കെ എല്‍ രാഹുല്‍(4 പന്തില്‍ 1) പുറത്തായി. സാംസിന്‍റെ പന്തില്‍ വെയ്‌ഡിന്‍റെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകല്‍. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മ്മയും തിളങ്ങിയില്ല. 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. സാംസിനായിരുന്നു ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സിക്‌സുകളും ബൗണ്ടറികളുമായി സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.